ഭക്ഷ്യയോഗ്യവും കൊടുംവിഷമുള്ളതുമടക്കം 173 ഇനം കൂണുകൾ! ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ കൗതുകക്കലവറ

Share our post

കേളകം: ജൈവ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ വിവിധ തരം കൂണുകളുടെ കേന്ദ്രം കൂടിയാണെന്ന് സർവെ റിപ്പോർട്ട്. വനം വകുപ്പ് ആറളം വൈൽഡ്‌ലൈഫ് ഡിവിഷനും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയും കൂടിച്ചേർന്ന് ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ സർവെയിലാണ് കൂണുകളുടെ വൈവിധ്യം കണ്ടെത്തിയത്. ആറളം വന്യജീവി സങ്കേതത്തിലെ പരിപ്പുതോട്, വളയംചാൽ, മീൻമുട്ടി, നരിക്കടവ് എന്നീ ഭാഗങ്ങളിലും കൊട്ടിയൂർ വന്യജീവി സങ്കേതത്തിലുമായി 6 ക്യാമ്പുകളിലായാണ് സർവെ നടത്തിയത്. ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിൽ ആദ്യമായിട്ടാണ് കൂണുകളുടെ സർവെ നടത്തുന്നത്. ജിസ്ട്രം, ഒഫിയോ കോർഡിസെപ്‌സ്, ട്രാമെറ്റസ് സാംഗിനി, ഹൈഗ്രോസൈബ് മിനിയാറ്റ, കുക്കീന, ഓറിക്കുലാരിയ ഡെലിക്കാറ്റ, ഫിലോബോലെറ്റസ് മാനിപുലറിസ് കൂടാതെ അഞ്ചിനം കറുത്ത വെൽമൈസസ് ഉൾപ്പെടെ 173 ഇനം സ്‌പീഷീസുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഭക്ഷ്യയോഗ്യമായതും ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യമല്ലാത്ത കൊടുംവിഷമുള്ള കൂണുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ കൂണുകളും ആകൃതി, വലിപ്പം, ഗന്ധം, രുചി, ഘടന എന്നിവയിൽ വളരെയേറെ വ്യത്യസ്തമാണ്. മാലിന്യങ്ങൾ വിഘടിപ്പിക്കൽ, പോഷക സൈക്ലിങ് തുടങ്ങി ആവാസ വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് കൂണുകൾ.ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി. രതീശന്റെ മേൽനോട്ടത്തിൽ ആറളം അസി. വൈൽഡ്‌ ലൈഫ് വാർഡൻ രമ്യ രാഘവൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ വി.ആർ. ഷാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സർവെയിൽ, കൂണുകളിൽ വിദഗ്‌ധരായ ഡോ. ജിനു മുരളീധരൻ, ഹരികൃഷ്‌ണൻ എം.ടി, വ്യോം ഭട്ട്, ഡോ. ആര്യ സി.പി, ഡോ. ശീതൾ ചൗധരി, ഡോ. ഏല്യാസ് റാവുത്തർ എന്നിവർ ഉൾപ്പെടെ 23 പേരും ആറളം റെയ്ഞ്ചിലെ ഫീൽഡ് ജീവനക്കാരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!