കോളയാട്ടെ ലൈഫ്മിഷൻ വീടുകളുടെ താക്കോൽദാനം പ്രഹസന മാമാങ്കം; യുഡിഎഫ്

Share our post

പേരാവൂർ: കോളയാട് പഞ്ചായത്തിൽ ലൈഫ്മിഷൻ പദ്ധതിയിൽ 288 വീടുകളുടെ പണി പൂർത്തിയാക്കിയതായ പഞ്ചായത്തിന്റെ വാദം വ്യാജമാണെന്ന് യുഡിഎഫ് പഞ്ചായത്തംഗങ്ങൾ ആരോപിച്ചു. പണി പൂർത്തിയാകാത്തതോ പാതിവഴിയിൽ നിലച്ചതോ ആയ നിരവധി പദ്ധതികളാണ് പഞ്ചായത്ത് ഭരണ സമിതിയുടെ മുഖമുദ്രയെന്നുംജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ഘാടന പ്രഹസന മാമാങ്കം ബഹിഷ്‌കരിക്കുമെന്നും ഇവർ പറഞ്ഞു.

പട്ടികവർഗ മേഖലയിൽ നൂറിലധികം വീടുകൾ ഇനിയും പണി പൂർത്തീകരിക്കാനുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം തുക ഗുണഭോക്താക്കൾക്ക് യഥാസമയം നൽകാത്തതാണ് ഇതിന് കാരണം. പണി പൂർത്തിയായെന്ന് പറയപ്പെടുന്ന വീടുകളുടെ നിർമാണത്തിനുള്ള അവസാന ഗഡു ഇതുവരെ നൽകിയിട്ടില്ല.

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടം മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 2022 മാർച്ചിൽ നിർമാണം പൂർത്തീകരിച്ചതാണ്.അന്നുമുതൽ അസി.എഞ്ചിനീയറുടെ കാര്യാലയവും ഐസിഡിഎസ് ഓഫീസും ഫ്രണ്ട് ഓഫീസും ഇതിൽ പ്രവർത്തിക്കുന്നുണ്ട്.

പഞ്ചായത്തിൽ ആധുനിക സ്റ്റേഡിയം നിർമ്മാണത്തിനായി വനഭൂമി പരിശോധന കഴിഞ്ഞുവെന്ന പ്രചരണം തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടുള്ള തെറ്റിദ്ധരിപ്പിക്കലാണ്. ഒരുകാലത്തും നടക്കാനിടയില്ലാത്ത ഒരു പദ്ധതിയുടെ പേരു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

വനഭൂമി വനേതര ആവശ്യങ്ങൾക്കായി വിട്ടുകിട്ടണമെങ്കിൽ ഏറ്റെടുക്കുന്ന വനഭൂമിയുടെ ഇരട്ടി സ്ഥലം വനംഭൂമിയോട് ചേർന്നുകൊണ്ട് വനംവകുപ്പിന് എഴുതി നൽകുകയുംഅതിൽമരങ്ങൾ നട്ട് പരിപാലിക്കാനുള്ള ചെലവ് വനംവകുപ്പിലേക്ക് അടക്കുകയും വേണം. വനംവകുപ്പിന് നൽകാമെന്ന് പഞ്ചായത്ത് പറഞ്ഞിരിക്കുന്ന ഭൂമിപുറമ്പോക്കാണ്. പുറമ്പോക്കോ മിച്ചഭൂമിയോ ഇതിലേക്കായി വനം വകുപ്പ് ഏറ്റെടുക്കുകയുമില്ല. വാസ്തവം ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പഞ്ചായത്ത് ഭരണാധികാരികൾ ശ്രമിച്ചത്.

പത്രസമ്മേളനത്തിൽ പഞ്ചായത്തംഗങ്ങളായ കെ.വി.ജോസഫ്, റോയ് പൗലോസ്, പി.സജീവൻ, യശോദ വത്സരാജ്, ഉഷ മോഹനൻ, ശാലിനി മനോജ്, കോൺഗ്രസ് നേതാക്കളായ സാജൻ ചെറിയാൻ, കെ.എം.രാജൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!