കണ്ണൂർ കെഎസ്ആർടിസി കോംപ്ലക്സിനു മുൻവശം ഇനി പേ പാർക്കിംഗ്

കണ്ണൂർ: കെഎസ്ആർടിസി കോംപ്ലക്സിനു മുൻവശം പേ പാർക്കിംഗ് സംവിധാനം ആരംഭിച്ചു. ബസ്റ്റാന്റിലെ കടമുറികളുടെ മുൻ വശമുള്ള സ്ഥലമാണ് സ്വകാര്യ വ്യക്തിക്ക് കരാറടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്ക് പാർക്കിംഗിനായി വിട്ടു കൊടുത്തത്. ഇതിനായി കടക്ക് മുൻവശത്തെ വൃത്തിഹീനമായ സ്ഥല മുൾപ്പെടെ കരാറുകാരൻ കമ്പി കെട്ടി തിരിച്ചിരിക്കുകയാണ്. ഇരു ചക്ര വാഹനങ്ങൾക്ക് 8 മണിക്കൂറിന് 15 രൂപയും മുചക്ര വാഹനങ്ങൾക്ക് 40 രൂപയും നാലു ചക്രവാഹനങ്ങൾക്ക് 25 രൂപയുമാണ് മറ്റു നിരക്കുകൾ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പേ പാർക്കിംഗ് ആരംഭിച്ച കെ എസ് ആർ ടി സി നടപടിക്കെതിരെ വിമർശനമുയരുകയാണ്. മാലിന്യം നിറഞ്ഞ സ്ഥലത്താണ് വാഹനം പാർക്ക് ചെയ്യേണ്ടി വരുന്നതെന്ന് ഇരുചക്ര വാഹനക്കാർക്കും പരാതിയുണ്ട്. ചായ കുടിക്കാൻ വരുന്നവരോടും പാർക്കിംഗ് ഫീസ് വാങ്ങുന്നതായും ആരോപണമുണ്ട്. എന്നാൽ കരാറുകാരൻ അത് നിഷേധിക്കുകയാണ്. ചില വ്യാപാരികൾ സംവിധാനത്തെ സ്വാഗതം ചെയ്തു.