ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ

Share our post

ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം കിഴിവ് നൽകാനാണ് തീരുമാനം. റൗണ്ട് ട്രിപ്പ് പാക്കേജ് എന്ന പദ്ധതി പ്രകാരം ഒക്ടോബർ 13 മുതൽ 26 വരെ യാത്ര ചെയ്യുന്നവർ അതേ ട്രെയിനിലാണ് നവംബർ 17 നും ഡിസംബർ ഒന്നിനും ഇടയിൽ മടങ്ങുന്നതെങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ് ലഭിക്കും. ഈ മാസം 14 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൺഫേർമ്ഡ് ടിക്കറ്റിന് മാത്രമായിരിക്കും ഈ ആനുകൂല്യം. ഈ സ്‌കീമിന് കീഴിൽ ടിക്കറ്റ് എടുത്ത് റദ്ദാക്കിയാൽ റീ ഫണ്ട് ഉണ്ടാകില്ല. രണ്ട് യാത്രകളിലും മാറ്റങ്ങളും അനുവദിക്കില്ല. റെയിൽവേയുടെ ബുക്കിങ് വെബ്‌സൈറ്റിലെ കണക്ടിങ് ജേർണി ഫീച്ചർ ഉപയോഗിച്ച് ഈ പാക്കേജ് ബുക്ക് ചെയ്യാം. രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിലെല്ലാം ഈ ആനുകൂല്യം ലഭിക്കും. രണ്ടു ഭാഗങ്ങളിലേക്കുമുള്ള യാത്രയും ഓരേ ട്രെയിനിൽ ആകണം. മടക്കയാത്രയുടെ ടിക്കറ്റ് നിരക്കിലാണ് ഇളവ് ലഭിക്കുക. ആവശ്യകതയ്ക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്ന ട്രെയിനുകളിൽ ഇളവ് ലഭിക്കില്ല. രണ്ട് യാത്രാടിക്കറ്റുകളും ഒരാളുടെ പേരിൽ തന്നെ ബുക്ക് ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!