വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ കാപ്പ കേസ് പ്രതിക്കായി തെരച്ചിൽ

ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പോലീസ് പരിശോധനയ്ക്കിടെ ഇന്നലെ രാത്രി പുഴയിൽ ചാടികാണാതായ ചക്കരക്കൽ പൊതുവാച്ചേരി സ്വദേശി റഹീമിനായുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ 7 മണിയോടെ ഇരിട്ടി അഗ്നിശമനസേന, വള്ളിത്തോട് ഒരുമ റെസ്ക്യു ടീം, ഇരിട്ടി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്. കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിലാണ് യുവാവ് ഓടിപ്പോയിപുഴയിൽ ചാടിയത്. കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും നിലവിൽ വാറൻ്റ് കേസ് നിലനിൽക്കുന്ന പ്രതിയുമാണ് റഹീം. ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പൊതുവാച്ചേരി സ്വദേശിയായ റഹീം (30) പൊലിസ് പിടികൂടുമെന്ന ഭയത്താലാണ് തൊട്ടടുത്ത പുഴയിൽ ചാടിയത്.
റഹീമിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപത്തെ നിതിൻ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കർണാടകയിൽ നിന്നു ഇന്നോവ ക്രിസ്റ്റ കാറിൽ കേരളത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പൊലീസ് പരിശോധനയ്ക്കായി വാഹനം നിർത്താൻ ആവശ്യപ്പെട്ടത്. വാഹനം നിർത്തി വെളിയിലിറങ്ങിയ റഹീം ചെക്പോസ്റ്റിന് സമീപമുള്ള ഊടു വഴിയിലൂടെ പുഴയിലേക്ക് ഓടി വെള്ളത്തിൽ ചാടുകയായിരുന്നു. പുഴയിലെ വള്ളിയിൽ പിടിച്ച് അൽപനേരം നിന്നുവെങ്കിലും പിടി വിട്ടുപോവുകയായിരുന്നു. കുത്തൊഴുക്കുള്ള പുഴയിൽ വീണ റഹീമിനെ 100 മീറ്റർ താഴെയുള്ള കച്ചേരികടവ് പാലത്തിന് സമീപം വരെ പ്രദേശവാസികൾ കണ്ടിരുന്നു. പുഴയിൽ മീൻ പിടിച്ചിരുന്നവരാണ് റഹീമിന്റെ സഹായഭ്യർത്ഥന കേട്ട് എത്തുമ്പോഴേക്കും പാലത്തിന് താഴേക്ക് ഒഴുകി പോയിരുന്നു. ബാരാപോൾ, പേരട്ട പുഴകൾ സംഗമിക്കുന്ന കൂട്ടുപുഴയിൽ ശക്തമായ അടിയൊഴുക്കും കയങ്ങളും നിറഞ്ഞ പ്രദേശമാണ്. സാധാരണയായി പുഴയിൽ വെള്ളം ഉയർന്നാൽ പ്രദേശവാസികൾ പോലും പുഴയിൽ ഇറങ്ങാറില്ല. റഹീം പൊലീസിനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു.
വാഹനം ഉൾപ്പെടെ പരിശോധിച്ച് പൊലീസ് മയക്കുമരുന്നോ മറ്റോ നിയമവിരുദ്ധമായിഒന്നും കണ്ടെടുത്തിട്ടില്ല. കാണാതായ റഹീമിന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. കാപ്പാ കേസിലെ പ്രതിയായ ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് വിവരം. തന്നടയിലെ താമസ സ്ഥലത്ത് മയക്കുമരുന്ന് കണ്ടെത്താൻ റെയ്ഡിനെത്തിയപ്പോൾ ചക്കരക്കൽ പൊലീസ് സംഘത്തെ ഇയാൾ ആക്രമിച്ചിരുന്നു. ഇതുൾപ്പെടെ നിരവധി എൻഡിപിഎസ് കേസിലെ പ്രതികളാണ് പുഴയിൽ ചാടിയ റഹിമും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും. കോഴിക്കോട് ജില്ലയിൽ നിന്നും കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്താക്കിയ ഗുണ്ടയാണ് നിതിൻ. ഇയാളും പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഹാരിസിന്റെ പേരിൽ കളവുകേസും കഞ്ചാവ് കൈവശം വെച്ചതിനും കേസ് നിലവിലുണ്ട്. ഇവർ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.