പൊലീസ് അകമ്പടിയിലെ പരസ്യമദ്യപാനത്തിൽ നടപടി; കൊടി സുനി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

തലശ്ശേരി: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്. കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാരെ ദിവസങ്ങൾക്ക് മുൻപ് സസ്പെൻ്റ് ചെയ്തിരുന്നു. തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. കഴിഞ്ഞ മാസം 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.