കാത്തിരിപ്പ് ചരിത്രമാകുന്നു; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയിലേക്ക് കടക്കുന്നു. ആഗസ്ത് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കും. ഇതോടെ, എൽഡിഎഫ് സർക്കാർ നൽകിയ മറ്റൊരു ഉറപ്പ് കൂടിയാണ് യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ജൂണിൽ തുരങ്കപാതയ്‌ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ പാരിസ്ഥിതകാനുമതി നൽകി ഉത്തരവിറക്കിയിരുന്നു. വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനും കേരളത്തിന്റെ കാർഷിക–-വ്യാപാര–-ടൂറിസം മേഖലകളുടെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കുന്നതാണ് തുരങ്കപാത. കഴിഞ്ഞ സെപ്‌തംബറിൽ പ്രവൃത്തി ടെൻഡറായതാണ്. 2043.74 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്‌കോണാണ് തുരങ്കനിർമാണം കരാർ എടുത്തത്. ഇരുവഴിഞ്ഞിപ്പുഴയ്‌ക്ക് കുറുകെ പാലവും അപ്രോച്ച് റോഡും നർമിക്കാനുള്ള കരാർ കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്ര കൺസ്‌ട്രക്ഷൻ കമ്പനിയുമായാണ്. കൊങ്കൺ റെയിൽവേ ആണ് നിർമാണ ഏജൻസി (എസ്‌പിവി).
ഇരട്ട തുരങ്കത്തിലൂടെ നാലുവരി പാത
ഇരട്ട തുരങ്കങ്ങളായാണ് നിർമാണം. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്‌റ്റം, ടെലിഫോൺ സിസ്‌റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്‌റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങൾ കണ്ടെത്തി സിഗ്‌നൽ നൽകും.ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകൾ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയിൽ പാലങ്ങൾക്കും കലുങ്കുകൾക്കും പുറമേ അടിപ്പാതയും സർവീസ് റോഡുമുണ്ട്. ചുരമില്ലാ ബദൽ പാതയെന്ന വയനാടിന്റെ ചിരകാലസ്വപ്‌നമാണ് യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്.