വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി രണ്ട് ദിവസം മാത്രം

Share our post

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്നതിനുള്ള സമയം വ്യാഴാഴ്‌ച അവസാനിക്കും. പേര്‌ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സമയം ദീർഘിപ്പിക്കണമെന്ന്‌ സിപിഐ എം ഉൾപ്പെടെ വിവിധ രാഷ്‌ട്രീയ പാർടികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്‌. നിർദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്റെ പരിഗണനയിൽ ആണെങ്കിലും ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തിട്ടില്ല. നിലവിൽ 15,94,379 പേർ കരട്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചശേഷം പേര്‌ ഉൾപ്പെടുത്താൻ അപേക്ഷിച്ചു. കഴിഞ്ഞ ജനുവരി ഒന്നിന്‌ 18 വയസ്‌ പൂർത്തിയായവർക്കും വോട്ടർ പട്ടികയിൽ പേരില്ലാത്ത സമ്മതിദാന അവകാശമുള്ളവർക്കുമാണ്‌ പേര്‌ ചേർക്കാനാകുക. തിരുത്തലിന്‌ 7,406 അപേക്ഷയും വാർഡ്‌മാറ്റാൻ 80,212 അപേക്ഷയും ലഭിച്ചു. പേര്‌ ഒഴിവാക്കാൻ 745 പേർ സ്വന്തമായി അപേക്ഷ നൽകി. 5,168 പേരെ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ്‌ നൽകി. 1,15,219 പേരെ നീക്കം ചെയ്യാൻ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി. 30ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര്‌ ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.inൽ ഓൺലൈനായി അപേക്ഷിക്കാം. തുടർന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. ഓൺലൈൻ മുഖേന അല്ലാതെ നിർദിഷ്ട ഫോറത്തിൽ ഇലക്‌ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. സംശയങ്ങൾക്ക് അതത് തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറൽ ഓഫീസർമാരുമായി ബന്ധപ്പെടണം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സെക്രട്ടറിമാരും കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിമാരും ആണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. പേര് ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷയിലെ പേര്, വയസ്, താമസം എന്നിവ സംബന്ധിച്ച് ഇആർഒ മാർക്ക്‌എന്തെങ്കിലും സംശയങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കമീഷൻ നിർദ്ദേശിച്ച 12 രേഖകളിൽ ഏതെങ്കിലും പരിശോധിച്ച് തുടർനടപടി സ്വീകരിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!