യൂനിയൻ തെരഞ്ഞെടുപ്പിനിടെ കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥി സംഘർഷം

കണ്ണൂർ: കണ്ണൂർ സർവകലാശാലാ യൂനിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടെ സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥി സംഘർഷം. പോലീസ് ലാത്തി വീശി. താവക്കര കാമ്പസിലെ ചെറുശ്ശേരി ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് പകൽ തിരഞ്ഞെടുപ്പ് നടപടി ആരംഭിച്ചതോടെയാണ് എസ്എഫ്ഐ – യുഡിഎസ്എഫ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് പോർവിളിയും സംഘർഷവും അരങ്ങേറിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. പോലീസ് സാന്നിധ്യത്തിലാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. പിടിച്ച് മാറ്റാൻ നിന്ന പോലിസുമായി ഉന്തും തള്ളും ഉണ്ടായി. കോംപൗണ്ടിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കാൻ പലവട്ടം പോലീസ് ലാത്തി വീശി. യൂണിയൻ തിരഞ്ഞെടുപ്പ് നട പടിക്രമങ്ങൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ച് സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എംഎസ്എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന നാജിയ റൗഫ് നൽകിയ ഹർജി യിലാണ് വരണാധികാരിയായ സ്റ്റുഡൻ്റ് സർവീസസ് ഡയറക്ടർക്ക് കോടതി നിർദേശം നൽ കിയത്. എംഎസ്എഫ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് എസ്എഫ്ഐ തടഞ്ഞ പശ്ചാത്തലത്തിലാണ് കോടതിയെ സമീപിച്ചത്.