ഓണക്കിറ്റ് എത്തി, ഒപ്പം ആദ്യമായി ഇതാ ഒരു സർപ്രൈസ് കൂടെ; വേഗം സപ്ലൈകോയിലിലേക്ക് വിട്ടോളൂ; ഗിഫ്റ്റ് കാർഡ് സ്വന്തമാക്കാം

Share our post

തൃശൂർ: ഓണത്തെ വരവേൽക്കാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളും ആകർഷകമായ കിറ്റുകളും വിപണിയിൽ. തൃശ്ശൂർ ജില്ലയിലെ ഗിഫ്റ്റ് കാർഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. സപ്ലൈകോ ഉപഭോക്താവായ അയ്യന്തോൾ സ്വദേശി ടി വേണുഗോപാലിന് ആദ്യ ഗിഫ്റ്റ് കാർഡ് കളക്ടർ കൈമാറി.ആദ്യമായാണ് സപ്ലൈകോ ഗിഫ്റ്റ് കാർഡുകൾ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. 1000 രൂപ, 500 രൂപ എന്നിങ്ങനെ രണ്ട് തരം ഗിഫ്റ്റ് കാർഡുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. 1225 രൂപ വില വരുന്ന ‘സമൃദ്ധി ഓണക്കിറ്റ്’ 1000 രൂപയ്ക്കും 625 രൂപ വില വരുന്ന ‘മിനി സമൃദ്ധി കിറ്റ്’ 500 രൂപയ്ക്കും സപ്ലൈകോകളിൽ നിന്ന് ലഭിക്കും. കൂടാതെ, 305 രൂപ വില വരുന്ന ‘ശബരി സിഗ്നേച്ചർ കിറ്റ്’ 229 രൂപയ്ക്കും ലഭ്യമാണ്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ സപ്ലൈ ഓഫീസർ ടി ജെ ആശ, സപ്ലൈകോ ഡിപ്പോ മാനേജർ എസ് ജാഫർ, ഷോപ്പ് മാനേജർമാരായ ശുഭ ബി. നായർ, സി.ആർ. വിജീഷ് തുടങ്ങിയവരും പങ്കെടുത്തു.ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് സപ്ലൈകോ നടത്തുന്നത്. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സപ്ലൈകോ വ്യക്തമാക്കി. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും.സംസ്ഥാനതല ഓണം ഫെയർ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറിന് തുടക്കമാകും. ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട്ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!