ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് രജീഷിന് പരോള്‍ അനുവദിക്കുന്നത്. രണ്ട് ദിവസം മുമ്പുതന്നെ രജീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി.മുന്‍പ് പല കാരണങ്ങള്‍ കാണിച്ച് രജീഷ് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതുവരെ പരോള്‍ ലഭിച്ചിരുന്നില്ല. കേസിലെ നാലാംപ്രതിയാണ് രജീഷ്. വീട്ടിലെ അടുത്ത ബന്ധുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരോള്‍ അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം.കൊടി സുനി, ഷാഫി ഉള്‍പ്പെടെയുള്ളവര്‍ക്ക് അനധികൃത പരോള്‍, പോലീസിനെ കാവല്‍ നിര്‍ത്തി മദ്യപാനം തുടങ്ങിയ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് കേസിലെ മറ്റൊരു പ്രതിക്കുകൂടി പരോള്‍ അനുവദിച്ചിരിക്കുന്നത്. ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് തലശ്ശേരിയിലെ ഹോട്ടല്‍ മുറ്റത്തുവെച്ച് പോലീസ് നോക്കിനില്‍ക്കേ പരസ്യമദ്യപാനം നടത്തിയത്. കോടതിയില്‍നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്.