അബ്ബാസിന്റെ വീട്ടുമുറ്റത്തും ‘സ്വർഗത്തിലെ കനി’

ഏഴോം: ഹെവൻ ഫ്രൂട്ട് എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് നമ്മുടെ നാട്ടിലും വിളയുമെന്ന് തെളിയിക്കുകയാണ് ഏഴോം ഓണപ്പറമ്പ് ജുമാ മസ്ജിദിന് സമീപത്തെ ചപ്പൻ അബ്ബാസ്. വീട്ടുമുറ്റം നിറയെ കായ്ച്ചു നിൽക്കുകയാണ് വിയറ്റ്നാം സ്വദേശിയായ ഗാഗ് ഫ്രൂട്ട്. മനോഹരമായ രീതിയിലാണ് കൃഷി. സമൂഹമാധ്യമത്തിലൂടെയാണ് ഗാഗ് ഫ്രൂട്ടിനെക്കുറിച്ച് അറിഞ്ഞത്. വീട്ടിൽ വിരുന്നുവന്നയാൾ കൊണ്ടുവന്ന ഗാഗ് ഫ്രൂട്ടിന്റെ വിത്തെടുത്ത് മുളപ്പിച്ചാണ് കൃഷി തുടങ്ങിയത്. പാവലിനോട് സാമ്യമുള്ള പഴമാണിത്. അതിനാൽ മധുരപ്പാവൽ എന്നും അറിയപ്പെടും. വിത്തും പൾപ്പും തൊലിയുമെല്ലാം ഭക്ഷ്യയോഗ്യം. ഒപ്പം പോഷകസമൃദ്ധവും. ശാസ്ത്രീയനാമം ‘മോർമോഡിക്ക കൊച്ചിൻ ചയ്നേൻസിസ്’. പച്ചയ്ക്ക് തൊലിയുൾപ്പെടെ കറിവച്ചും പഴുത്തശേഷം തൊലികൾ വേർപെടുത്തി നേരിട്ടും പാനീയമാക്കിയും കഴിക്കാം. പാവൽ, പടവലം എന്നിവപോലെ കൃഷിചെയ്യാം. നട്ട് ഒരു വർഷമാകുമ്പോൾ പൂത്തുതുടങ്ങും. ഒരു ചെടിയിൽനിന്ന് ഒരുവർഷം 30—90 പഴംവരെ ലഭിക്കും. വിത്ത് മുളപ്പിച്ചും ആൺ-, പെൺ ചെടികളുടെ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്തും മൂത്ത തൈകളുടെ കമ്പ് വേരുപിടിപ്പിച്ചും തൈകളാക്കാം. പന്തലിലും വേലിയിലും പടർത്താം. ആൺചെടിയും പെൺചെടിയും വേണമെന്നതാണ് ഇതിന്റെ പ്രത്യേകത. പരാഗണത്തിനായി 10 ചെടിക്ക് ഒരാൺച്ചെടി എന്നതാണ് അനുപാതം. ബീറ്റാകരോട്ടിൻ, ലൈക്കോപ്പിൻ എന്നിവ ധാരാളമുണ്ട്. 69 ശതമാനം അപൂരിത കൊഴുപ്പാണ്. വൈറ്റമിൻ സിയുടെ കലവറയായ ഗാഗ് ഫ്രൂട്ടിന്റെ രുചിയും വ്യത്യസ്തവും സ്വാദേറിയതുമാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി വ്യാപിപ്പിക്കാനാണ് അബ്ബാസ് ഉദേശിക്കുന്നത്. വിത്തിനും ആവശ്യക്കാർ ഏറെയാണ്. ഒരു ചെടിയിൽനിന്ന് വർഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. മുറിച്ചാൽ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകൾ. ജ്യൂസായും സൂപ്പാക്കിയും ഇല തോരൻ കറിവച്ചും കഴിക്കാം. 35 വർഷം പ്രവാസിയിരുന്നു അബ്ബാസ്. കൃഷി ഭവനിൽനിന്നും ഏഴോം പഞ്ചായത്തിൽനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഴോം കൃഷിഭവന്റെ ഫാം പ്ലാൻ കർഷകൻ കൂടിയാണ്. ഭാര്യ സൽമത്തും മക്കളായ അഷ്കർ, അജ്നാസ് എന്നിവരും പിന്തുണയായി കൂടെയുണ്ട്.