പിഎസ്‍സി നിയമനം മൂന്ന് ലക്ഷത്തിലേക്ക് ; രാജ്യത്തെ പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിൽ

Share our post

തിരുവനന്തപുരം: മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തവിധം റെക്കോർഡ് നിയമനവുമായി എൽഡിഎഫ് സർക്കാർ. 2016 മെയ് മുതൽ ഇതുവരെ 2,89,936 നിയമനശുപാർശകളാണ് പിഎസ്‍സി അയച്ചത്. ഈ വർഷം ഡിസംബറോടെ മൂന്ന് ലക്ഷം കടക്കും. കൂടുതൽ വിരമിക്കൽ നടക്കുന്നതിനാൽ വരുന്ന വർഷവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആറ്‌ മാസത്തെ പ്രതീക്ഷിത ഒഴിവ്‌ മുൻകൂട്ടി റിപ്പോർട്ട് ചെയ്‌ത്‌ നിയമന നടപടിയെടുക്കാൻ വകുപ്പുകൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. അടുത്ത ഒരു വർഷത്തെ പ്രതീക്ഷിത ഒഴിവുകളും മുൻകൂട്ടി റിപ്പോർട്ട്ചെയ്യും. 2016 മുതൽ 2021വരെ ഒന്നാം പിണറായി സർക്കാർ 1,61,268 പേർക്ക് നിയമന ശുപാർശ നൽകി. രണ്ടാം പിണറായി സർക്കാർ ഇതുവരെ 1,28,668 പേർക്ക് നിയമന ശുപാർശ നൽകി. അവശ്യ മേഖലകളിൽ പുതിയ തസ്‌തിക സൃഷ്‌ടിച്ചതും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുമാണ് നിയമനം വർധിക്കാൻ കാരണം.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമനം നടക്കാതിരുന്ന പല തസ്‌തികകളിലും സാങ്കേതിക, നിയമ കുരുക്കുകൾ അഴിച്ചു. റാങ്ക് പട്ടിക നിലവിലില്ലാത്ത സാഹചര്യം ഒഴിവാക്കി, കാലാവധി തീരുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിലേക്ക് പിഎസ്‍സി വളർന്നു. ഇന്ന് രാജ്യത്താകെ നടക്കുന്ന പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ്. സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിലും കേരള പിഎസ്‍സി രാജ്യത്ത് ഒന്നാമതെന്നാണ്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷന്റെ കണക്ക്‌. എല്ലാ സാമുദായിക, സാമ്പത്തിക, ശ്രേണിയിൽപ്പെട്ടവർക്കും സംസ്ഥാന സർവീസിൽ ആനുപാതിക പ്രാതിനിധ്യം ലഭിക്കുന്നത് പിഎസ്‍സിയുടെയും സംസ്ഥാന സർക്കാരിന്റെയും കർക്കശമായ നിലപാട്‌ കൊണ്ടാണ്. പിഎസ്‍സിയെ ഒഴിവാക്കി സമാന്തര റിക്രൂട്ട്മെന്റ്‌ വഴി താൽകാലിക – കരാർ നിയമനങ്ങൾ നടത്തുന്ന മറ്റു പല സംസ്ഥാനങ്ങളിലും ഈ നീതി ഉറപ്പാക്കാനാകുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!