കാര്‍ഷിക വായ്പ; വിള ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ കര്‍ഷകന് ബാങ്ക് നഷ്ടപരിഹാരം നല്‍കണം

Share our post

തിരുവനന്തപുരം: വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് കര്‍ഷകര്‍ ഒഴിവാകുന്നത് തടയാന്‍ കര്‍ശനനടപടിയുമായി കേന്ദ്ര കൃഷിമന്ത്രാലയം. കാര്‍ഷികവായ്പ എടുക്കുന്ന കര്‍ഷകരെ വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിളനാശത്തിന്റെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കുകള്‍ക്കാണെന്ന വ്യവസ്ഥ കൊണ്ടുവന്നു. ജൂലായ് 28-ന് എല്ലാ ബാങ്ക് മേധാവികള്‍ക്കും നബാര്‍ഡിനും കേന്ദ്രകൃഷിമന്ത്രാലയം കത്തയച്ചു. വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്ത കര്‍ഷകര്‍ കൂടുതലുള്ളത് കേരളത്തിലാണ്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള 45 ലക്ഷം കര്‍ഷകര്‍ കേരളത്തിലുണ്ട്. എന്നാല്‍, 2025-ലെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് 12,000 പേര്‍മാത്രം. കെസിസി അക്കൗണ്ടുള്ള മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ബാങ്കുകള്‍ അംഗങ്ങളാക്കണമെന്നാണ് വ്യവസ്ഥ. വായ്പ എടുക്കുന്ന ഘട്ടത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലില്‍ ഇന്‍ഷുറന്‍സിനുള്ള വിവരംകൂടി നല്‍കണം.

ഇതില്‍ ബാങ്കുകള്‍ വീഴ്ചവരുത്തിയപ്പോള്‍, കര്‍ഷകര്‍ക്ക് നേരിട്ട് ഇന്‍ഷുറന്‍സിന് രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി നല്‍കി. ഇങ്ങനെ ചെയ്യുന്ന കര്‍ഷകര്‍ വായ്പയെടുക്കുമ്പോള്‍ ഇന്‍ഷുറന്‍സില്‍ ബാങ്ക് ചേര്‍ക്കേണ്ടതില്ലെന്ന (ഓപ്ഷന്‍ ഔട്ട്) ഫോം നല്‍കിയാല്‍ മതി. ഇത് മറയാക്കി, കേരളത്തിലെ ബാങ്കുകള്‍ വായ്പ അപേക്ഷയ്‌ക്കൊപ്പം ഓപ്ഷന്‍ ഔട്ട് ഫോം കൂടി കര്‍ഷകനില്‍നിന്ന് ഒപ്പിട്ട് വാങ്ങിക്കുന്നുവെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കര്‍ഷകര്‍ നേരിട്ട് ചെയ്യുന്നില്ല. സംസ്ഥാനത്ത് ആകെ 45 ലക്ഷം കര്‍ഷകരാണുള്ളത്. 27 വിളകള്‍ക്കാണ് വിള ഇന്‍ഷുറന്‍സിന്റെ സഹായം ലഭിക്കുക. റബ്ബര്‍, തെങ്ങ്, മഞ്ഞള്‍, നെല്ല്, വാഴ, പച്ചക്കറി, മാവ്, പൈനാപ്പിള്‍, കുരുമുളക്, കവുങ്ങ് ഉള്‍പ്പെടെയുള്ള വിളകള്‍ ഇതിപ്പെടും. 2016 മുതല്‍ 600കോടിയാണ് പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത്. ഇതിന്റെ എത്രയോ ഇരട്ടിയാണ് നാശത്തിന്റെ കണക്ക്. പദ്ധതിയില്‍ ഉള്‍പ്പെടാത്തതിനാല്‍ നഷ്ടപരിഹാരം ലഭിച്ചില്ല. ഈ വര്‍ഷം പദ്ധതിയില്‍ ചേരാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!