പാസ്റ്ററുടെ കാൽവെട്ടുമെന്ന് ഭീഷണി: കേസെടുത്ത് ബത്തേരി പൊലീസ്; പ്രതികൾക്കായി അന്വേഷണം തുടങ്ങി

സുൽത്താൻ ബത്തേരി: വയനാട്ടിൽ പാസ്റ്റർക്ക് നേരെ ഒരു സംഘം ഭീഷണി മുഴക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ കേസെടുത്ത് പൊലീസ്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനും കലാപാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ബത്തേരി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ഭീഷണി മുഴക്കിയവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഭീഷണി മുഴക്കിയ സമയത്ത് ആരും പരാതി നൽകാൻ മുന്നോട്ടു വന്നിരുന്നില്ല.കഴിഞ്ഞ ഏപ്രിലിൽ ബത്തേരി കൈപ്പഞ്ചേരിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് മലയാളി കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിക്കുകയും ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെ പുറത്തുവന്നത്. ഇനി അടിയില്ല, ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും എന്നിങ്ങനെ ആക്രോശിച്ച് സംഘം പാസ്റ്ററെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബജ്റംഗ്ദൾ പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്നാണ് കണ്ടെത്തൽ.പ്രാർഥനയുടെയും വെക്കേഷൻ ക്ലാസിന്റെയും ഭാഗമായി ഉന്നതി സന്ദർശിച്ച് നോട്ടീസ് നൽകുന്നതിനിടെയാണ് പാസ്റ്റർക്കെതിരെ ആക്രമണശ്രമവും ഭീഷണിയുമുണ്ടായത്. മതപരിവർത്തനം നടത്താനാണ് പാസ്റ്റർ എത്തിയതെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ തടഞ്ഞുവെച്ചത്. വിഷയം അന്നുതന്നെ പൊലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതോടെയാണ് സുൽത്താൻ ബത്തേരി പൊലീസ് നടപടി സ്വീകരിച്ചത്.