തലശ്ശേരിയിൽ ഇന്നലെ സർവീസ് നടത്താത്ത ബസുകൾ തടഞ്ഞ് ഡി.വൈ.എഫ്.ഐ

തലശ്ശേരി: തലശ്ശേരി വഴി ഇന്നലെ സർവീസ് നടത്താത്ത ബസുകൾ തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ഇന്നു രാവിലെ മുതലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ സ്വകാര്യ ബസുകൾ തടഞ്ഞത്. പെരിങ്ങത്തൂരിൽ തലശ്ശേരി തൊട്ടിൽപാലം റൂട്ടിലോടുന്ന ജഗന്നാഥ് ബസ് കണ്ടക്ടർക്ക് കഴിഞ്ഞ ദിവസം മർദനമേറ്റിരുന്നു. ഈ സംഭവത്തിലെ മുഖ്യ പ്രതികളെ പിടികൂടണമെന്ന് ആവശ്യപെട്ടാണ് വെള്ളിയാഴ്ചയും ഇന്നലെയും തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കിയത്. വെള്ളിയാഴ്ച ബസ് ഉടമകളും തൊഴിലാളി സംഘടനാ നേതാക്കളുമായി തലശ്ശേരി എ.സി. പി നടത്തിയ ചർച്ചയിൽ പണിമുടക്ക് പിൻവലിക്കാൻ ധാരണയായിരുന്നു. എന്നാൽ ഏതാനും ബസുകൾ മാത്രമാണ് ഇന്നലെ തലശ്ശേരിയിൽ നിന്ന് സർവീസ് നടത്തിയത്. ഇന്നലെ സർവീസ് നടത്താത്ത ബസുകൾ ഇന്നു രാവിലെ എത്തിയപ്പോഴാണ് ഡി.വൈ.എഫ്. ഐ പ്രവർത്തകരെത്തി തടഞ്ഞത്.