വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡ്

Share our post

തിരുവനന്തപുരം: സ്കൂളുകള്‍ വഴി വിദ്യാർഥികള്‍ക്ക് ആധാർ കാർഡുകള്‍ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവില്‍ വരും. ആധാർ നല്‍കുന്ന സംഘടനയായ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡി ഐഎ) ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തുകഴിഞ്ഞു. രാജ്യത്തുടനീളമുള്ള സ്കൂളുകള്‍ വഴി കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് പ്രക്രിയ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് തീരുമാനം. ഇതോടെ ആധാർ അപ്ഡേറ്റിന്‍റെ കേന്ദ്രമായി സ്കൂളുകള്‍ മാറും. ഇതിനായി യുഐഡിഎഐ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണ്. അതിലൂടെ രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂള്‍ പരിസരത്ത് കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാൻ കഴിയും.ആധാർ ബയോമെട്രിക് അപ്ഡേറ്റിനുള്ള നിയമങ്ങള്‍ അനുസരിച്ച്‌ അഞ്ച് മുതല്‍ ഏഴ് വയസ് വരെയുള്ള കുട്ടികള്‍ക്ക് ബയോമെട്രിക് അപ്ഡേഷൻ സൗജന്യമാണ്. എന്നാല്‍ ഏഴ് വർഷത്തിന് ശേഷം അതിന് 100 രൂപ ഫീസ് നല്‍കണം. നിശ്ചിത സമയത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കുട്ടികള്‍ക്ക് സർക്കാർ പദ്ധതികളുടെയും സേവനങ്ങളുടെയും ആനുകൂല്യങ്ങളും ലഭിക്കില്ല. ബയോമെട്രിക് അപ്ഡേറ്റിന് ശേഷം സ്കൂള്‍ പ്രവേശനം, സ്കോളർഷിപ്പ്, പരീക്ഷാ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളില്‍ ആധാർ കാർഡ് എളുപ്പത്തില്‍ ഉപയോഗിക്കാൻ കഴിയും. ഇത് കുട്ടികള്‍ക്ക് സുഗമവും തടസരഹിതവുമായ തിരിച്ചറിയല്‍ പ്രക്രിയയും ഉറപ്പാക്കും. 15-ാമത്തെ വയസില്‍ രണ്ടാമത്തെ നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റിനായി സ്കൂളുകളിലൂടെയും കോളജുകളിലൂടെയും ഈ സൗകര്യം ലഭ്യമാക്കാനും യു.ഐ.എ.ഡി.ഐക്ക് പദ്ധതിയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!