പി.ജി പരീക്ഷകളുടെ മൂല്യ നിർണയം ഓൺലൈനാകുന്നു

Share our post

കണ്ണൂർ: സർവകലാശാലയിൽ ബിരുദാനന്തര ബിരുദ(പി.ജി) പരീക്ഷകളുടെ മൂല്യ നിർണയം ഓൺലൈനിലേക്ക്. രണ്ടാംസെമസ്റ്റർ പരീക്ഷയ്ക്കാണ് ഈ സമ്പ്രദായം നടപ്പാക്കുന്നത്. പരീക്ഷയ്ക്കുശേഷം അധ്യാപകരുടെ പ്രത്യേക ക്യാമ്പ് വഴി മൂല്യനിർണയം നടത്തുന്നതാണ് നിലവിലുള്ള രീതി. ഉത്തരക്കടലാസുകൾ കൊണ്ടുപോകാനുള്ള ചെലവും സുരക്ഷയും സർവകലാശാലയ്ക്ക് അമിതഭാരമുണ്ടാക്കുന്നതി നാൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് ഓൺലൈൻ സമ്പ്രദായം നടപ്പാക്കുന്നത്. നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായി ഓൺലൈൻ രീതി നടപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആലോചിച്ചിരുന്നു. അതിന്റെ ആദ്യ പടിയായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കുന്നത്. സർവകലാശാലയിലെത്തിക്കുന്ന ഉത്തരക്കടലാസ് സ്റ്റാൻ ചെയ്‌ത്‌ അധ്യാപകർക്ക് പ്രത്യേക പോർട്ടൽ വഴി അയച്ചുകൊടുക്കുകയാണ് ചെയ്യുക. അധ്യാപകർക്ക് നൽകുന്ന യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ചു മാത്രമേ തുറക്കാനാകൂ. ഫെയ്‌സ് റെക്കഗ്നിഷൻ പോലുള്ള ഇ-സുരക്ഷ, മാർക്ക് കുറഞ്ഞാലോ കൂടിയാലോ തത്സമയം കണ്ടുപിടിക്കാം തുടങ്ങിയവ ഇതിനുണ്ടാകും.

ഉത്തരക്കടലാസ് അയച്ചുകൊടുക്കുന്നത് ഓപ്പൺ നെറ്റ‌്വർക്ക് വഴിയല്ല. അതിനാൽ പേഴ്സണൽ കംപ്യൂട്ടറിൽ വീട്ടിലിരുന്ന് ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നത് പ്രായോഗികമാകില്ല. കോളേജിലെ കംപ്യൂട്ടർ ലാബിനെ ആശ്രയിക്കേണ്ടിവരും. കുറേ പേർക്കുള്ള സൗകര്യം ഇത്തരം ലാബിലുണ്ടാകുമോയെന്നതും പ്രശ്നമാണ്. ഓൺലൈനായി ചെയ്യുമ്പോൾ മൂല്യനിർണയത്തിൻ്റെ നിലവാരത്തെ ബാധിക്കുമോയെന്ന സംശയവുമുണ്ട്. ഒരുദിവസം 16 പേപ്പറാണ് ഒരാൾക്ക് അനുവദിക്കുന്നത്. ഇത്രയും പേപ്പറുകൾ ഏറെനേരം കംപ്യൂട്ടർ സ്ക്രീനിൽ നോക്കി വിലയിരുത്തുന്നത് പ്രയാസകരമാകും. പഴയ രീതി ശീലിച്ച മുതിർന്ന അധ്യാപകർക്ക് ഓൺലൈൻ രീതി ബുദ്ധിമുട്ടാകും. 40 പേജുള്ള ഉത്തരക്കടലാസിൻ്റെ ബുക്കാണ് വിദ്യാർഥികൾക്ക് നൽകുന്നത്. അധിക ഷീറ്റുണ്ടാകില്ല. ഇത്രയും പേപ്പറിൽ എഴുതിയില്ലെങ്കിൽ ബാക്കി കടലാസ് പാഴാകും. പേപ്പറുകൾ പാഴായാൽ അതിന്റെ നഷ്ടം സർവകലാശാലയ്ക്കാകും. ഓൺലൈൻ മൂല്യനിർണയ രീതിയെക്കുറിച്ച് കൃത്യമായ രൂപരേഖ ഇനിയും തയ്യാറാക്കിയിട്ടില്ല. ഓഗസ്റ്റിൽ മൂല്യനിർണയം തുടങ്ങാനാണ് തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!