തദ്ദേശവോട്ടര്‍ പട്ടിക: സമ്മറി റിവിഷനില്‍ പ്രവാസികള്‍ക്കും പേരു ചേര്‍ക്കാം

Share our post

കണ്ണൂർ: പ്രവാസിഭാരതീയര്‍ക്ക് തദ്ദേശവോട്ടര്‍പട്ടികയില്‍ www.sec.kerala.gov.in എന്ന വെബ് സൈറ്റ് വഴി പേരുചേര്‍ക്കാന്‍ അവസരം. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഫോം നാല് എ വഴി പേരുചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാം. പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള താമസസ്ഥലം ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപനത്തിലെ വാര്‍ഡിലെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് (ഇ.ആര്‍.ഒ) അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം പ്രവാസി അഡീഷന്‍ കോളം ക്ളിക് ചെയ്ത് ലോഗിന്‍ ചെയ്യുക. അപേക്ഷകന്റെ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നല്‍കി എല്ലാ കോളങ്ങളും പൂരിപ്പിക്കണം. അപേക്ഷകന്‍ വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ ഭാരത പൗരനായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പ് രേഖപ്പെടുത്തി നിലവിലുള്ള പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ സാധാരണ താമസസ്ഥലത്തെ തദ്ദേശ സ്ഥാപനത്തിലെ ഇ.ആര്‍.ഒയ്ക്ക് നേരിട്ടോ, രജിസ്ട്രേഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. വെള്ള പശ്ചാത്തലത്തില്‍ അപേക്ഷകന്റെ മുഖം വ്യക്തമായി കാണത്തക്കവിധമുള്ള സമീപകാലത്ത് എടുത്ത 3.5 സെ.മീ ഃ 4.5 സെ.മീ വലിപ്പത്തിലുള്ള പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ അപേക്ഷയുടെ നിശ്ചിതസ്ഥാനത്ത് പതിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാല്‍ മുഖേന അയക്കുകയാണെങ്കില്‍, അപേക്ഷകന്റെ വിസ മുദ്രണം ചെയ്തതുള്‍പ്പെടെയുള്ളതും പാസ്പോര്‍ട്ടിലെ ഫോട്ടോ, മറ്റു വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പേജുകളുടെ ശരിപകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ നേരിട്ട് ഇ.ആര്‍.ഒയ്ക്ക് സമര്‍പ്പിക്കുകയാണെങ്കില്‍ പാസ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളുടെ ശരിപകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നതോടൊപ്പം അസ്സല്‍ പാസ്പോര്‍ട്ട് അപേക്ഷയോടൊപ്പം പരിശോധനയ്ക്കായി ഹാജരാക്കേണ്ടതും പരിശോധന കഴിഞ്ഞ് തിരികെ വാങ്ങേണ്ടതുമാണ്. ഇപ്രകാരം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട പ്രവാസി വോട്ടര്‍ക്ക് പോളിങ് സ്റ്റേഷനില്‍ പാസ്പോര്‍ട്ട് സഹിതം ഹാജരായി വോട്ട് രേഖപ്പെടുത്താവുന്നതാണ്. പ്രവാസി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൈറ്റില്‍ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!