ഉരുളെടുത്ത ജീവിതങ്ങളുടെ ഓർമ്മകൾക്ക് ഒരാണ്ട്; ഉള്ളുപൊട്ടിയതിൻ്റെ നോവ് മാറാതെ ചൂരൽമലയും മുണ്ടക്കൈയും

കൽപ്പറ്റ: ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും ജീവിതം മാറിമറിഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ തീരാനോവിന്റെ ഒരു വർഷം കടന്ന് പോയിരിക്കുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമത്തെ തകർത്തെറിഞ്ഞു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചകളിൽ ഉയരുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാൽ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച ഒരു മിനിറ്റ് മൗനാചരണം. 2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 52 വിദ്യാര്‍ഥികള്‍ക്ക് ജീവന് നഷ്ടമായെന്നാണ് കണക്ക്. മരിച്ച വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി കൂട്ടായി ദുഃഖം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൗനം ആചരിക്കുന്നത്. കാണാതായ 32 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ജുലൈ 30ന് പുലര്‍ച്ചെ 01:40നാണ് ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങള്‍ ഒലിച്ചുപോയി. രാവിലെ 04:10ന് ചുരല്‍മലയില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തില്‍ പുഴയ്ക്കു കുറുകെയുണ്ടായിരുന്ന പാലം തകര്‍ന്നു.
വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. ഗതാഗത സംവിധാനങ്ങളെല്ലാം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. മലവെള്ളപ്പാച്ചിലില്‍ ചാലിയാര്‍ പുഴയിലെത്തിയ മൃതദേഹങ്ങള്‍ കിലോമീറ്ററുകളോളം ഒഴുകിനടന്നു. ഉച്ചയ്ക്ക് 12:00 മണിയോടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഇന്ത്യന്‍ സൈന്യം 24 മണിക്കൂര്‍ കൊണ്ട് ചൂരല്‍മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിച്ചുകൊണ്ട് ബെയ്ലി പാലം നിര്‍മ്മിച്ചു. സൈന്യത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും പൊലിസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം യുവജന, സന്നദ്ദസംഘടനകളും ചേര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി. ഉറ്റവരെയും ഉടയവരെയും കാണാതെ മേപ്പാടി സര്‍ക്കാരാശുപത്രിയിലെത്തി മൃതദേഹങ്ങളുടെ കെട്ടഴിച്ചുനോക്കുന്നവരുടെ ദൃശ്യങ്ങള്‍ ഉള്ളുലയ്ക്കുന്നതായിരുന്നു. 400ഓളം കുടുംബങ്ങളാണ് ദുരന്തത്തില്‍ ഒറ്റപ്പെട്ടത്. തിരിച്ചറിഞ്ഞതും അല്ലാത്തതുമായി 190പേരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍ 298 പേരുടെ മരണമാണ് ഔദ്യോഗികമായി സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. 128 പേര്‍ക്ക് പരുക്കേറ്റു. 435 വീടുകള്‍ തകര്‍ന്നു.