25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

Share our post

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്. ആന്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി ബി സുബൈർ, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു. പി.എൻ.എക്സ് 3511/2025


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!