ബസുകളുടെ മത്സരയോട്ടത്തിൽ നടപടി വരുന്നു; ‘നഗരങ്ങളിൽ അഞ്ചു മിനിറ്റും ഗ്രാമങ്ങളിൽ പത്ത് മിനിറ്റുമാക്കി സമയം ക്രമീകരിക്കും

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ട്വന്റി ഫോർ ലൈവത്തോണിൽ ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. വാഹനങ്ങളുടെ മത്സരയോട്ടത്തിൽ കർശന നടപടിയുണ്ടാകും. ബസുകളുടെ സമയക്രമം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. ഇതോടുകൂടി മത്സരയോട്ടം കുറയ്ക്കാൻ സാധിക്കും. ബസുകൾ തമ്മിലുള്ള സമയദൈർഘ്യം നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി മാറ്റുമെന്ന് സംഘടനാനേതാക്കളുമായി ചർച്ചചെയ്ത് തീരുമാനിച്ചിരുന്നു. അവർ അതിന് സമ്മതം മൂളുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടം നടക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർ ക്രിമിനൽ കേസ് പ്രതികൾ എന്നിവരെ ബസ് ജീവനക്കാരാക്കില്ല. പൊലീസ് വെരിഫിക്കേഷൻ നടത്തി മാത്രമേ ബസുകളിലെ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ക്ളീനറെയും നിയമിക്കാവൂവെന്ന് നിർദേശം നൽകി കഴിഞ്ഞു. മത്സരയോട്ടത്തിന്റെ പ്രധാന ഉത്തരവാദിത്വം ബസ് മുതലാളിമാർക്കാണ്. മാക്സിമം കളക്ഷൻ ഉണ്ടാക്കാൻ ഇവരാണ് ജീവനക്കാരെ പറഞ്ഞു വിടുന്നത്. സമയം തെറ്റിച്ച് വാഹനമോടിക്കുന്നത് നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.