പോക്സോ കേസ് പ്രതിയായ വൈദികൻ കോടതിയിൽ കീഴടങ്ങി

ചിറ്റാരിക്കാൽ : 16 കാരനായ സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പോക്സോ കേസ് പ്രതി കോടതിയിൽ കീഴടങ്ങി. അതിരുമാവ് ഇടവക വികാരി ഫാ. പോൾ തട്ടു പറമ്പിലാണ് കാസർകോട് ജില്ലാ ആൻഡ് സെഷൻസ് കോടതി രണ്ടിൽ കീഴടങ്ങിയത്. ജൂൺ ആദ്യവാരമാണ് ചിറ്റാരിക്കാൽ പോലീസ് പള്ളി വികാരിക്കെതിരെ കേസ് രജിസ്ട്രർ ചെയ്തത്. 2024 മേയ് 15 മുതൽ ഓഗസ്റ്റ് 13 വരെ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് കേസ്സെടുത്തത്. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂൾ അധികാരികൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിക്കുകയും അവരുടെ ഇടപെടലിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകുകയും ചെയ്തു. പോലീസ് കേസെടുത്തപ്പോൾ വികാരി ഒളിവിൽ പോകുകയും മുൻകൂർ ജാമ്യം ലഭിക്കാൻ ശ്രമിക്കുകയും ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനെ തുടർന്നാണ് കീഴടങ്ങാൻ ജില്ലാ സെഷൻസ് കോടതി ഒന്നിൽ എത്തിയത്. ഓഗസ്റ്റ് ഏഴ് വരെ പ്രതിയെ റിമാൻഡ് ചെയ്തു.