റോബോട്ടുകളുടെ ലോകത്തേക്ക് ക്ലാസ് എൻട്രി

Share our post

കണ്ണൂർ: റോബോട്ടുകളുടെ ലോകത്തേക്ക്‌ ക്ലാസ്‌ എൻട്രി നടത്തുന്ന എസ്‌എസ്‌എൽസി കുട്ടികൾക്കായി ജില്ലയിൽ 2161 റോബോട്ടിക്‌ കിറ്റുകൾ തയ്യാറായി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) 180 സ്കൂളുകൾക്ക് കിറ്റുകൾ വിതരണം ചെയ്‌തത്. പത്താം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിൽ സർക്യൂട്ട് നിർമാണം, സെൻസറുകളുടെയും ആക്ചുവേറ്ററുകളുടെയും ഉപയോഗം, കംപ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക എന്നിവയാണ്‌ പഠിക്കാനുള്ളത്‌. കിറ്റ്‌ ഉപയോഗിച്ച്‌ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കും. സ്കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ്ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കലാണ് ആദ്യ പ്രവർത്തനം. എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകൾ തയ്യാറാക്കലും പഠനത്തിന്റെ ഭാഗമായുണ്ട്‌. കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമുള്ള സ്കൂളുകൾക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടാതെ റോബോട്ടിക്‌സ്‌ പഠിപ്പിക്കേണ്ട ജില്ലയിലെ 758 അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്‌. കൈറ്റ് പരിശീലനം ആഗസ്ത് ആദ്യവാരം പൂർത്തിയാക്കും. റോബോട്ടിക് കിറ്റുകൾക്കു പുറമെ ചലിക്കുന്ന റോബോട്ടുകൾ ഉൾപ്പെടെ നിർമിക്കാൻ കഴിയുന്ന അഡ്വാൻസ്ഡ് കിറ്റുകളും ഈ വർഷംതന്നെ സ്‌കൂളുകൾക്ക്‌ ലഭ്യമാക്കും. ഇതോടൊപ്പം സ്കൂളുകളിൽ പ്രത്യേക റോബോഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!