വേണം തലശേരി റെയിൽവേ സ്‌റ്റേഷനിലേക്കൊരു പാത

തലശേരി: റെയിൽവേ സ്‌റ്റേഷനിൽനിന്ന് നോക്കിയാൽ കാണുന്ന ദൂരമേയുള്ളൂ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിലേക്ക്. ഒരുമിനിറ്റുകൊണ്ട് നടന്നെത്താവുന്ന ദൂരത്തുള്ള സ്‌റ്റാൻഡിലെത്താൻ ഒന്നരകിലോമീറ്ററോളം യാത്രചെയ്യേണ്ട ഗതികേടിലാണ് ട്രെയിൻ യാത്രക്കാർ. സ്‌റ്റാൻഡിലേക്ക് എളുപ്പമെത്താൻ ഒരു റോഡോ നടപ്പാതയോ നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആവശ്യത്തോട് റെയിൽവേ മുഖംതിരിക്കുന്നതാണ് യാത്രക്കാരെ വലക്കുന്നത്. റെയിൽവേയുടെ പിടിവാശിയിൽ സമയനഷ്‌ടത്തിനൊപ്പം ധനനഷ്‌ടവും സംഭവിക്കുന്നു. റെയിൽവേ അനുവദിച്ചാൽ റോഡ് നിർമിക്കാമെന്ന് നഗരസഭ വർഷങ്ങൾക്കുമുമ്പേ അറിയിച്ചതാണ്. റോഡ് നിർമാണത്തിന് അന്ന് ഫണ്ടും നീക്കിവച്ചിരുന്നു. റെയിൽവേ സഹമന്ത്രിയായിരുന്ന ഒ രാജഗോപാൽ റോഡ് നിർമാണത്തിന് സൗകര്യം ഏർപ്പെടുത്താമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങി അനുമതി വൈകി. റെയിൽവേ ഡിവിഷണൽ മാനേജരും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഉറപ്പും പ്രഖ്യാപനങ്ങളുമുണ്ടായെങ്കിലും റോഡോ നടപ്പാതയോ നിർമിക്കാൻ ഇതുവരെ സാധിച്ചില്ല. എൻ ഇ ബാലറാം മന്ദിരത്തിന് സമീപത്തെ തുറന്നിട്ട അഴുക്കുചാലിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചാൽ സ്റ്റേഷനിലേക്ക് നടപ്പാത സജ്ജമാക്കാം. പെട്രോൾ ബങ്കിന് സമീപത്തു നിന്ന് മേൽപ്പാലത്തിന് അടിയിലൂടെ സ്റ്റേഷനിലേക്ക് റോഡ് നിർമിക്കാനും കഴിയും. റെയിൽവേ സ്റ്റേഷനുസമീപത്ത് ഇരു പ്ലാറ്റ് ഫോമുകളും ആരംഭിക്കുന്നിടത്തുകൂടി ഒഴുകുന്ന മായൻ തോടിനു മുകളിൽ കോൺക്രീറ്റ് സ്ലാബിട്ടാലും നടപ്പാതയാക്കാം. റെയിൽവേ പച്ചക്കൊടി വീശുമോ റെയിൽവേ അനുവദിച്ചാൽ റോഡോ നടപ്പാതയോ നിർമിക്കാൻ നഗരസഭ സന്നദ്ധമാണെന്ന് 2019ൽ കത്തിലൂടെ അറിയിച്ചതാണ്. സ്ഥലത്തിന് വൻതുക റെയിൽവേ ആവശ്യപ്പെട്ടതാണ് തിരിച്ചടിയായത്. നഗരസഭ ഫണ്ട് ഉപയോഗിച്ച് റോഡ് നിർമിക്കാമെന്നും വൻതുക തറവാടക ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല. യാത്രക്കാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിച്ച് തുടർ നടപടി സ്വീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണമേഖല റെയിൽവേ ഡിവിഷണൽ മാനേജരോട് അഭ്യർഥിച്ചു.