എമര്‍ജന്‍സി ക്വാട്ട ടിക്കറ്റിങ്‌ പരിഷ്‌കരിച്ച് റെയില്‍വെ; മുന്‍കൂട്ടി നല്‍കുന്ന അപേക്ഷകളെ പരിഗണിക്കൂ

Share our post

ന്യൂഡല്‍ഹി: എമര്‍ജന്‍സി ക്വാട്ട (ഇക്യു) പ്രകാരമുള്ള ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍ പരിഷ്‌കരിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇതോടെ യാത്രക്കാര്‍ അവരുടെ അപേക്ഷകള്‍ മുന്‍പത്തേക്കാള്‍ നേരത്തെ സമര്‍പ്പിക്കേണ്ടിവരും. പുതിയ നിയമപ്രകാരം, എമര്‍ജന്‍സി ക്വാട്ട ടിക്കറ്റ് ആവശ്യമുള്ള യാത്രക്കാര്‍ കുറഞ്ഞത് ഒരു ദിവസം മുന്‍പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം.ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ സമീപകാല തീരുമാനത്തെ തുടര്‍ന്നാണ് ഈ മാറ്റവും.വിഐപികള്‍, റെയില്‍വേ ജീവനക്കാര്‍, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള യാത്രക്കാര്‍ എന്നിവര്‍ക്കായാണ് എമര്‍ജന്‍സി ക്വാട്ട സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ച സാഹചര്യത്തില്‍കൂടിയാണ് പുതിയ തീരുമാനം. അവസാന നിമിഷത്തെ അപേക്ഷകള്‍ ചാര്‍ട്ട് തയ്യാറാക്കുന്നത് വൈകിപ്പിക്കുകയും, ഇത് വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ ഉറപ്പാക്കുന്നതിനെ ബാധിക്കുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.

രാത്രി 12 മണിക്ക് ശേഷവും ഉച്ചയ്ക്ക് 2 മണി വരെയും പുറപ്പെടുന്ന ട്രെയിനുകളിലേക്കുള്ള എമര്‍ജന്‍സി ക്വാട്ട അപേക്ഷകള്‍, യാത്രയുടെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്കുള്ളില്‍ ഇക്യു സെല്ലില്‍ ലഭിച്ചിരിക്കണമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ട്രെയിന്‍ പുറപ്പെടുന്ന ദിവസം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.ഞായറാഴ്ചകളിലോ മറ്റ് പൊതു അവധി ദിവസങ്ങളിലോ എമര്‍ജന്‍സി ക്വാട്ട അപേക്ഷകള്‍ തൊട്ടുമുമ്പുള്ള പ്രവൃത്തിദിവസം ഓഫീസ് സമയത്ത് നല്‍കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.അപേക്ഷകന്റെ ആധികാരികതയും എമര്‍ജന്‍സി ക്വാട്ട അനുവദിക്കുന്നതിനുള്ള നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!