മരപ്പൊത്തിൽ മുട്ടയിടുന്ന ഇനം തുമ്പി ആറളത്ത്; പേര് ലിറിയോതെമിസ് അബ്രഹാമി

ഇരിട്ടി : മരപ്പൊത്തിൽ മുട്ടയിടുന്ന ഇനം തുമ്പിയെ ആറളം വന്യജീവിസങ്കേതത്തിൽ കണ്ടെത്തി. ലിറിയോതെമിസ് അബ്രഹാമി എന്നു പേരിട്ടിരിക്കുന്ന തുമ്പി രൂപസാമ്യതയിൽ ലിറിയോതെമിസ് ഫ്‌ളാവ എന്ന ഇനമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്നു. തുമ്പി ഗവേഷകനായ ഡോ. എബ്രഹാം സാമുവലിനോടുള്ള ആദരസൂചകമായാണ് ലിറിയോതെമിസ് അബ്രഹാമി എന്ന പേര് നൽകിയത്. ജലാശയങ്ങളിലും വയലുകളിലും തോടുകളിലും അരുവികളിലുമാണ് സാധാരണ തുമ്പികൾ മുട്ടയിടുന്നത്. ലിറിയോതെമിസ് ഇനം മാത്രമാണ് മരപ്പൊത്തിൽ മുട്ടയിടുന്നത്.ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേരള കാർഷിക സർവകലാശാല, പാലാ അൽഫോൻസാ കോളജ് എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ ഫീൽഡ് സർവേകളുടെയും ലാർവകളെ വളർത്തിയുള്ള പഠനത്തിനു ശേഷമാണ് ലിറിയോതെമിസ് അബ്രഹാമിയെ തിരിച്ചറിഞ്ഞത്. ഡോ.കലേഷ് സദാശിവൻ, ജെബിൻ ജോസ്, ടോംസ് അഗസ്റ്റിൻ, കെ.ബൈജു, ഡോ.ജാഫർ പാലോട്ട്, ഡോ.ഷാനാസ് സുധീർ, വിനയൻ പി.നായർ, ഡോ.മായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് പുതിയ ഇനത്തെ കണ്ടെത്തിയത്.തുമ്പികളുടെ ലാർവകളെ ശാസ്ത്രീയ പഠന പരിശോധനയ്ക്ക് വിധേയമാക്കിയാപ്പോൾ ലിറിയോതെമിസ് ഫ്‌ളാവയിലില്ലാത്ത വ്യക്തമായ സവിശേഷതകൾ പുതിയ പുതിയ ഇനത്തിൽ കണ്ടെത്തി. ഇതോടെ കേരളത്തിൽ തിരിച്ചറിഞ്ഞ തുമ്പി ഇനങ്ങളുടെ എണ്ണം 191 ആയി. കേരളത്തിൽ കല്ലാർ, പൊന്മുടി, നെയ്യാർ, ചെന്തുരുണി, പൂയംകുട്ടി, ഇടമലയാർ, സൈലന്റ് വാലി, നിലമ്പൂർ, വയനാട്, കർണാടകയിൽ കൂർഗ് എന്നിവിടങ്ങളിൽ ഇവയെ നിരീക്ഷിച്ചിട്ടുണ്ട്. ആറളം വന്യജീവി സങ്കേതത്തിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ സർവേയിൽ 100ഓളം ഇനങ്ങളെ കണ്ടെത്തയിരുന്നു. വർഷങ്ങളായി ഇവിടെ ശാസ്ത്രീയ തുമ്പി പഠനം നടക്കാത്താതിനാൽ എത്ര ഇനങ്ങൾ ഉണ്ടെന്നതിനു കൃത്യമായ കണക്കില്ല.