നിയമം കടലാസിൽ മാത്രം; സ്കൂൾ സമയത്ത് ടിപ്പറുകളുടെ മരണപ്പാച്ചിൽ

കണ്ണൂർ: വിദ്യാർഥികളുടെ ജീവന് ഭീഷണിയായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരുമ്പോഴും മൗനം നടിച്ച് അധികൃതർ. കർശനനിയമം കടലാസിലൊതുക്കിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടിപ്പർ ലോറികളും മറ്റും സ്കൂൾ സമയത്തടക്കം മരണപ്പാച്ചിൽ നടത്തുന്നത്. സ്കൂൾ പ്രവൃത്തിസമയം തുടങ്ങുന്ന രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് ക്ലാസുകൾ വിടുന്ന നാലുമണി മുതൽ ആറുവരെയും ടിപ്പർ ലോറികൾ ഓടരുതെന്ന കർശന ഉത്തരവ് നിലവിലുണ്ട്.രാവിലെയും വൈകീട്ടും ഉച്ചക്കുമെല്ലാം കുട്ടികൾ റോഡിലും പരിസരങ്ങളിലും ഉണ്ടാവുകയും ഒട്ടേറെ അപകടങ്ങൾ പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് വർഷം മുമ്പ് ടിപ്പർ ലോറികളുടെ ഓട്ടം ഈ സമയങ്ങളിൽ ഒഴിവാക്കാൻ സംസ്ഥാന പൊലീസ് മേധാവിതന്നെ ഉത്തരവിട്ടത്. അതിരാവിലെ ഓടാമെങ്കിലും കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സമയം ലോറികൾ നിർത്തിവെക്കണം. തുടർന്ന് രാവിലെ 10ന് ശേഷം ഓടാവുന്നതാണ്. വൈകീട്ട് നാലു മുതൽ വീണ്ടും നിർത്തിവെക്കണം. പിന്നീട് ആറിനു ശേഷം ഓടാവുന്നതാണ്.സ്കൂൾസമയത്തെ ഓട്ടം തടഞ്ഞുകൊണ്ടുള്ള ഈ ഉത്തരവാണ് നിലവിൽ ഒരിടത്തും പാലിക്കാത്തത്. അധ്യയന വർഷാരംഭത്തിൽ ഇത്തവണയും സംസ്ഥാനത്താകെ ജില്ലകൾ തിരിച്ച് സ്കൂൾ സമയത്തെ ടിപ്പറുകളുടെ ഓട്ടം ക്രമീകരിച്ചിരുന്നു. എന്നാൽ, എവിടെയും നടപ്പായില്ല. അനധികൃത കരിങ്കൽ-ചെങ്കൽ ക്വാറികളിൽനിന്നടക്കം ഒരു നിയമവും പാലിക്കാതെ നിറയെ ഭാരം കയറ്റി മത്സരയോട്ടം നടത്തുന്ന ടിപ്പർ ഉൾപ്പെടെയുള്ള ലോറികൾക്കെതിരെ ഒരു പരിശോധനയും ഉണ്ടാവുന്നില്ല. സ്കൂൾ കുട്ടികളെയും മറ്റു വഴിയാത്രികരെയും വകവെക്കാതെയാണ് ടിപ്പറുകളുടെ പരക്കംപാച്ചിൽ. നിറയെ കരിങ്കല്ലുകൾ നിറച്ച് ടിപ്പറുകൾ പരക്കംപായുമ്പോൾ റോഡിലേക്ക് കല്ലുകൾ തെറിച്ചുവീഴുന്നതും ഒട്ടേറെ അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്.ഇരുചക്ര വാഹന യാത്രികരും ടിപ്പറുകളുടെ മരണപ്പാച്ചിലിൽ ഏറെ ഭീതിയിലാണ്. വലിയ ടിപ്പർ ലോറികൾ മറ്റ് വാഹനങ്ങളെയും കുട്ടികളെയും കാണാത്ത വിധം കുതിച്ചുപായുമ്പോൾ ക്വാറി പ്രദേശമായ മലയോര മേഖലയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജനം ഏറെ ആശങ്കയിലാണ്. സ്കൂൾ വാഹനങ്ങളെപ്പോലും മറികടന്ന് പോകുന്ന ലോറികൾ ഏറെ അപകടക്കെണിയൊരുക്കുന്നുണ്ട്. നിയമം ലംഘിക്കുമ്പോഴും പൊലീസ് ടിപ്പറുകൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽപോലും നിയമലംഘനത്തിനെതിരെ നടപടിയില്ല.റോഡ് വികസനത്തിന്റെയും കടൽഭിത്തി നിർമാണത്തിന്റെയും ആവശ്യങ്ങൾക്കെന്നുപറഞ്ഞ് വ്യാജമായി ബോർഡുകൾ പതിച്ചും കരിങ്കല്ലുകളും മണ്ണും വ്യാപകമായി കടത്തുന്നുണ്ട്. ചിലയിടങ്ങളിൽ അധികൃതരുടെ ഒത്താശയുമുണ്ട്. വൻ അപകടങ്ങളുണ്ടായ ശേഷം മാത്രം കടലാസിലുറങ്ങുന്ന നിയമം നടപ്പാക്കാൻ മെനക്കെടുന്നവർ നേരത്തെതന്നെ രംഗത്തിറങ്ങാത്തത് ഏറെ ചർച്ചയായിട്ടുണ്ട്. നിസ്സാര കാര്യങ്ങൾക്കുപോലും സാധാരണക്കാരായ ഇരുചക്ര വാഹന യാത്രികരെയും മറ്റും പിടികൂടുന്നവർ ക്വാറി ലോബിയുടെ വണ്ടികൾ തൊടാൻ ഭയപ്പെടുകയാണെന്നാണ് ആക്ഷേപം. അധ്യയന വർഷം തുടങ്ങി ഒന്നരമാസം പിന്നിടുമ്പോഴും ജില്ലയിൽ സിറ്റി, റൂറൽ പൊലീസ് പരിധികളിലൊന്നും നടപടി കർശനമാക്കിയിട്ടില്ല.