ആ കളി വേണ്ട മക്കളേ.. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം; ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പേരിലെത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്. മോട്ടോർ വാഹന വകുപ്പിന്റെ പേരിലോ മറ്റോ നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന .apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണമെന്ന് പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മുന്നറിയിപ്പ് നൽകി. ഇത്തരം അപ്ലിക്കേഷൻ ഫയലുകൾ കണ്ടാൽ ഒട്ടും സംശയിക്കണ്ട. അത് തട്ടിപ്പാണ്. ഒരിക്കലും ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയൽ ഫോണിൽ ഇൻസ്റ്റാൾ ആയാൽ ആ ഫോണിൻ്റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കും. തുടർന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ അപ്ലിക്കേഷൻ ഫയലുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്യും. ഇത്തരത്തിൽ വ്യാപകമായ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ് കുറിപ്പിൽ പറയുന്നു. ഓൺലൈൻ സാമ്പത്തികകുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.