സഞ്ചാരികളെ വരു…ഇതുവഴി

Share our post

തളിപ്പറമ്പ്‌: ടൂറിസം സ്വപ്‌നങ്ങൾക്ക് ചിറകേകി അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി തളിപ്പറമ്പ്‌. കാണാനെന്തുണ്ട്‌ എന്നല്ല, കാണാൻ എന്തൊക്കെയുണ്ട്‌ എന്ന അത്ഭുതത്തിന്റെ പേരാവുകയാണ്‌ ഈ ദേശം. അഞ്ചുവർഷത്തിനിടെ ടൂറിസം മേഖലയിൽ സമാനതകളില്ലാത്ത പദ്ധതികളുമായി സഞ്ചാരികളുടെ പറുദീസയാകുകയാണ്‌ തളിപ്പറമ്പ്‌. അതിലേക്കുള്ള സുപ്രധാന ചുവടുവയ്‌പാണ്‌ നാടുകാണി സൂ -സഫാരി പാർക്കിന്റെ ഭൂമി കൈമാറ്റം. സംസ്ഥാനത്തെ ആദ്യ സൂ സഫാരി പാർക്കിനായി സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി 252.8 ഏക്കർ ഭൂമിയാണ്‌ കൈമാറിയത്‌. പാർക്കിന്റെ പദ്ധതിരേഖ തയ്യാറാക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി സർക്കാർ നേരത്തെ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. ഇതിനാൽ, പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാം. മൃഗങ്ങളെ കണ്ടുള്ള സഫാരിയാണ്‌ പ്രധാന ആകർഷണം. ഒപ്പം മ്യൂസിയവും ബയോളജിക്കൽ പ്ലാന്റേഷനുമുണ്ടാകും. സ്വാഭാവിക വനാന്തരീക്ഷത്തിൽ വിഹരിക്കാനാകുന്ന രീതിയിൽ തുറന്ന കൂടുകളാണ്‌ മൃഗങ്ങൾക്കായി ഒരുക്കുക. ഭൂപ്രകൃതിയിൽ മാറ്റംവരുത്താതെ സ്വാഭാവിക വനവൽക്കരണത്തിലൂടെയാണ്‌ രൂപകൽപ്പന. കവചിത വാഹനങ്ങളിൽ മൃഗങ്ങളെ തൊട്ടടുത്ത്‌ കാണാനാകും. പാർക്കിനോട് അനുബന്ധമായി ജെെവ വൈവിധ്യ തോട്ടം, മഴവെള്ള സംഭരണി എന്നിവയുമുണ്ടാകും. പാർക്കിൽനിന്ന്‌ വിളിപ്പാടകലെ കരിമ്പത്തെ ഫാം ടൂറിസം പദ്ധതിയും സഞ്ചാരികളെ വരവേൽക്കും.

ഫാമിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെ വെള്ളാരംപാറയിലൊരുങ്ങുന്ന തെയ്യം മ്യൂസിയവും ആകർഷണീയമാകും. കേരളത്തിലെ തെയ്യക്കോലരൂപങ്ങളും പശ്ചാത്തലവും കണ്ടറിയുന്നതിനൊപ്പം പൈതൃക തീർഥാടക വിനോദസഞ്ചാര വികസനത്തിനുമായാണ്‌ എം വി ഗോവിന്ദൻ എംഎൽഎ ഇടപെട്ട്‌ തെയ്യം മ്യൂസിയത്തിന് കഴിഞ്ഞ ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചത്. തെയ്യം കെട്ടിയാടുന്ന ദേശങ്ങളും തീയതിയും ഉൾപ്പെടെ തെയ്യം കലണ്ടറും തയ്യാറാക്കും. മ്യൂസിയത്തോടുചേർന്ന് കളിയിടവുമുണ്ടാകും. പ്രകൃതിയോടിണങ്ങി വിനോദവും സാഹസികതയും ചേർന്നൊരുയാത്രയാണ്‌ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്കിലുണ്ടാവുക. എട്ടുകോടി രൂപയാണ് ബജറ്റിൽ ഇതിനായി വകയിരുത്തിയത്‌. കണ്ണാടിപ്പാലവും കായൽ സവാരിയും ഉൾപ്പെടെ അഡ്വഞ്ചർ ടൂറിസ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വെള്ളിക്കീലിൽ പ്രഭാത–-സായാഹ്ന സവാരിക്കാർക്കായി മരം പാകിയ നടപ്പാതകൾ, വാട്ടർ ഫൗണ്ടേൻ, സൈക്കിൾ പാത്ത്‌, കുട്ടികൾക്ക്‌ കളിയിടങ്ങൾ എന്നിവയും ഉണ്ടാകും. മോറാഴ ഭാഗത്തുനിന്നാകും പ്രവേശന കവാടം. ലാൻഡ്സ്കേപ്പ്, കഫേകൾ, ഹട്ടുകൾ, ബോട്ടുകൾ, ബോട്ടിങ് ഡക്ക്, ചുറ്റുമതിൽ എന്നിവയും ഒരുക്കും. കൂറ്റൻ ടവറിൽനിന്നാരംഭിക്കുന്ന കണ്ണാടിപ്പാലത്തിലൂടെയുള്ള സാഹസികയാത്രയിൽ കിലോമീറ്ററുകൾ നീളുന്ന വെള്ളിക്കീലിലെ മനോഹര പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനാകും. വാട്ടർ സ്‌പോർട്‌സ്‌ ഉൾപ്പെടെയുള്ള സാധ്യതകളും ഭാവിയിലുണ്ടാകും. മോറാഴ സമരചരിത്ര സ്‌മാരകവും നിർമിക്കും. തീർഥാടന വിനോദ സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിൽ സൗന്ദര്യവൽക്കരണവുമൊരുങ്ങുന്നുണ്ട്‌. പറശ്ശിനി ബസ്‌സ്‌റ്റാൻഡ് മുതൽ പാലംവരെ റോഡിനിരുവശവും ഇന്റർലോക്ക്‌ നടപ്പാതയൊരുക്കി തെരുവ് വിളക്കും പറശ്ശിനി പാലത്തിൽ അലങ്കാര വിളക്കുകളുമൊരുക്കും. അഞ്ചുകോടി രൂപ ചെലവിൽ സർക്കാർ വിശ്രമ മന്ദിരത്തിന്റെ നിർമാണവും ആരംഭിക്കുന്നുണ്ട്‌. ബോട്ടുജെട്ടി വിപുലീകരിക്കുന്നതിനൊപ്പം എസി ബോട്ടുകളും ഉണ്ടാകും. പറശ്ശിനി അമ്പലംമുതൽ ഒഴക്രോം നീലിയാർ കോട്ടംവരെയുള്ള വെള്ളിക്കീൽ –- പറശ്ശിനിക്കടവ് ടൂറിസം കോറിഡോറിൽ വിസ്മയ പാർക്ക്, സ്നേക്ക് പാർക്ക്, നീലിയാർ കോട്ടം ധർമശാല ആർട് ഗ്യാലറി, ഫ്ലോട്ടിങ് റസ്‌റ്റോറന്റുകൾ എന്നിവയുമുണ്ട്‌. മലബാറിന്റെ ചരിത്രവും പാരമ്പര്യവും കാർഷിക സംസ്‌കൃതിയും ചേർന്നുള്ള സുസ്ഥിര വികസനത്തിന്റെ അനന്തസാധ്യതകളാണ്‌ എം വി ഗോവിന്ദൻ എംഎൽഎ ചെയർമാനായ തളിപ്പറമ്പ്‌ ഡെസ്‌റ്റിനേഷൻ മാനേജ്‌മെന്റ്‌ കൗൺസിൽ (ടിഡിഎംസി) ടൂറിസം മേഖലയിൽ തുറന്നിടുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!