കമ്പമലയിലൊരുങ്ങി കമേലിയ കോട്ടേജുകൾ, കഴിയാം തേയിലത്തോട്ടത്തിനുള്ളിൽ

തലപ്പുഴ: കേരള വനം വികസന കോർപ്പറേഷനുകീഴിൽ കമ്പമലയിൽ പ്രവർത്തിക്കുന്ന തേയിലത്തോട്ടത്തിൽ വിനോദ സഞ്ചാരികൾക്കായി കോട്ടേജുകളൊരുങ്ങി. വനംവികസന കോർപ്പറേഷൻ സുവർണജൂബിലി ആഘോഷിക്കുന്ന വേളയിലാണ് പ്രകൃതിസൗന്ദര്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഉള്ളടക്കമാക്കി കമ്പമല ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഇക്കോ കോട്ടേജുകൾ തയ്യാറാക്കിയത്.തിങ്കളാഴ്ച വനംവികസന കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ കോട്ടേജുകൾ തുറന്നു നൽകും. മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിക്കും. ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ മുൻപ് കമ്പമലയിൽ ഉണ്ടായിരുന്നെങ്കിലും 2015-ൽ നിർത്തിവെച്ചിരുന്നു. വെള്ളത്തിന്റെ കുറവും ഡിവിഷണൽ മാനേജരുടെ കാര്യാലയം കമ്പമലയിലേക്ക് മാറ്റിയതുമാണ് ഇക്കോ ടൂറിസം പ്രവർത്തനങ്ങൾക്ക് തടസ്സമായത്. ഇക്കോടൂറിസം പ്രവർത്തനങ്ങൾ ഈ വർഷം ഫെബ്രുവരിയോടെ പുനരാരംഭിച്ചിരുന്നു.
തലപ്പുഴ: കേരള വനം വികസന കോർപ്പറേഷനുകീഴിൽ കമ്പമലയിൽ പ്രവർത്തിക്കുന്ന തേയിലത്തോട്ടത്തിൽ വിനോദ സഞ്ചാരികൾക്കായി കോട്ടേജുകളൊരുങ്ങി. വനംവികസന കോർപ്പറേഷൻ സുവർണജൂബിലി ആഘോഷിക്കുന്ന വേളയിലാണ് പ്രകൃതിസൗന്ദര്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഉള്ളടക്കമാക്കി കമ്പമല ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഇക്കോ കോട്ടേജുകൾ തയ്യാറാക്കിയത്.
തിങ്കളാഴ്ച വനംവികസന കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ കോട്ടേജുകൾ തുറന്നു നൽകും. മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിക്കും. ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ മുൻപ് കമ്പമലയിൽ ഉണ്ടായിരുന്നെങ്കിലും 2015-ൽ നിർത്തിവെച്ചിരുന്നു. വെള്ളത്തിന്റെ കുറവും ഡിവിഷണൽ മാനേജരുടെ കാര്യാലയം കമ്പമലയിലേക്ക് മാറ്റിയതുമാണ് ഇക്കോ ടൂറിസം പ്രവർത്തനങ്ങൾക്ക് തടസ്സമായത്. ഇക്കോടൂറിസം പ്രവർത്തനങ്ങൾ ഈ വർഷം ഫെബ്രുവരിയോടെ പുനരാരംഭിച്ചിരുന്നു. രണ്ട് ഇക്കോ കോട്ടേജുകളും ഡോർമിറ്ററിയുമാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. 15 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ടീ ട്രയൽ പ്രോഗ്രാം, ട്രക്കിങ് എന്നിവയും വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 250-ഓളം ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് കമ്പമല തേയിലത്തോട്ടം. യൂക്കാലിപ്സ് മരങ്ങൾ മുറിച്ചുമാറ്റിയാണ് വനംവകുപ്പിന്റെ ഭൂമി തേയിലത്തോട്ടമായി രൂപാന്തരപ്പെടുത്തിയത്. തോട്ടത്തിനുപുറമേ ഫാക്ടറി, ഓഫീസ്, തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവയുൾപ്പെടെ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. തൊഴിലാളികൾ താമസിക്കുന്ന പാടികൾ ഇനിയും മെച്ചപ്പെടുത്തേണ്ടതായുണ്ട്.
1964-ൽ ഇന്ത്യയുടെയും ശ്രീലങ്കയുടെയും പ്രധാനമന്ത്രിമാരായിരുന്ന ലാൽ ബഹാദുർശാസ്ത്രിയും സിനിമാവോ ഭണ്ഡാരനായകെയും തമ്മിലുള്ള ഉടമ്പടിപ്രകാരം 64 ശ്രീലങ്കൻ കുടുംബങ്ങളെ പുനരധിവസിപ്പിച്ചിരുന്നു. 93 സ്ഥിരം തൊഴിലാളികൾ ഉൾപ്പെടെ 200-ഓളം തൊഴിലാളികളാണ് ഇപ്പോൾ കമ്പമലയിലെ തോട്ടത്തിൽ ജോലിചെയ്യുന്നത്. നിലവിലുള്ളവരിൽ ഭൂരിഭാഗംപേരും ശ്രീലങ്കയിൽ നിന്നെത്തിയവരുടെ പിന്മുറക്കാരാണ്. പട്ടികവർഗവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും പാടിയിൽ താമസിച്ചു ജോലി ചെയ്തുവരുന്നുണ്ട്. ഇക്കോകോട്ടേജുകളുൾപ്പെടെയുള്ള ടൂറിസം പ്രവർത്തനങ്ങളിലൂടെ കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മറ്റു പ്രവർത്തനങ്ങൾക്കും ലക്ഷ്യമിടുന്നുണ്ട്. ടൂറിസം സജീവമാകുന്നതോടെ മെച്ചപ്പെട്ട ജീവിതം പുലർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും.