കണ്ണൂര്‍ കോര്‍പ്പറേഷന്‍ 83 ഭൂരഹിതര്‍ക്ക് ഭൂമി നൽകുന്നു; രേഖ കൈമാറ്റ ചടങ്ങ് 21ന്

കണ്ണൂർ: കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 83 ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നു. ഗുണഭോക്താക്കള്‍ക്കുള്ള രേഖ കൈമാറ്റ ചടങ്ങ് ജൂലൈ 21 നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് മേയര്‍ ശ്രീ.മുസ്ലിഹ് മഠത്തിലിന്‍റെ അധ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇതിനായി 4.10 കോടി രൂപയാണ് കോര്‍പ്പറേഷന്‍ ചെലവഴിച്ചിട്ടുള്ളത്. കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനാര്‍ഹമായ ഒരു നേട്ടമാണിതെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിന് കുറേ കടമ്പകൾ ഉണ്ടായിരുന്നു. അതോടൊപ്പം ഗുണഭോക്താക്കൾക്ക് അവർക്ക് അനുയോജ്യമായ സ്ഥലം കുറഞ്ഞ വിലക്ക് കണ്ടെത്തുന്നതിനും അല്പം പ്രയാസം നേരിടുകയുണ്ടായി. കോർപ്പറേഷൻ പരിധിയിൽ തന്നെ ഭൂമി കണ്ടെത്തിയവർക്ക് 5 ലക്ഷം രൂപയും കോർപ്പറേഷന് പുറത്ത് 2.70 ലക്ഷം രൂപയുമാണ് നൽകിയത്. ഇതിൽ 81 പേർക്കും കോർപ്പറേഷൻ പരിധിയിലും രണ്ട് പേർക്ക് ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലുമാണ് ഭൂമി ലഭിച്ചിട്ടുള്ളത്.