പ്രവാസികള്‍ക്കായി നോര്‍ക്ക സാന്ത്വന അദാലത്ത്: തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സാന്ത്വന ധനസഹായ പദ്ധതി അദാലത്തിന്റെ വിവിധ ജില്ലകളിലെ തീയതി പ്രഖ്യാപിച്ചു. കാസർകോട് 31നും ഇടുക്കിയിലും വയനാട്ടിലും കൊല്ലത്തും ആഗസ്‌ത് രണ്ടിനും അദാലത്ത് നടക്കുമെന്ന് നോർക്ക അറിയിച്ചു. വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെയുള്ള പ്രവാസികൾക്കാണ് സഹായം. വയനാട് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഇടുക്കി പൈനാവ് സിവിൽ സ്റ്റേഷനിലെ നോർക്ക സെല്ലിലും കാസർകോട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും കൊല്ലം കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിലുമാണ് പരിപാടി. രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ നടക്കുന്ന അദാലത്തിൽ മുൻകൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താൽപ്പര്യമുളളവർ www.norkaroots.org വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. കാസർകോട് 29ന് മുമ്പും മറ്റിടങ്ങളിൽ 31ന് മുമ്പും രജിസ്റ്റർ ചെയ്യണം. കൊല്ലത്ത് കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അർഹരായർക്കാണ് അവസരം.
മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരുലക്ഷം രൂപവരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. അപേക്ഷ നൽകുന്നതിന് പാസ്‌പോർട്ട്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്‌ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. കൂടാതെ, ഓരോ പദ്ധതിക്കും പ്രത്യേകം രേഖകളും വേണം. ചികിത്സാസഹായത്തിന് പൊതുരേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി, മെഡിക്കൽ ബിൽ എന്നിവയും മരണാനന്തര ധനസഹായത്തിന് മരണ സർട്ടിഫിക്കറ്റ്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ കുടുംബ അംഗത്വ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹ ധനസഹായത്തിന് പൊതുരേഖകൾക്കൊപ്പം വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. മുമ്പ് അപേക്ഷ നൽകിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാൾക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം ലഭിക്കൂ. അപേക്ഷ സമർപ്പിക്കുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകൻ വിദേശത്തായിരിക്കാനും പാടില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281004902, 8281004903 (കൊല്ലം), 8281004906, 0486 2233140 (ഇടുക്കി), 8281004912, 7012609608, 0493 -6204243 (വയനാട്), -8281004914, 7012609608 (കാസർകോട്).
സംരംഭകത്വ ശിൽപശാല 29ന് കാഞ്ഞങ്ങാട്
പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശിൽപശാല 29ന് കാഞ്ഞങ്ങാട് നടക്കും. സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റു (സിഎംഡി)മായി സഹകരിച്ചാണ് പരിപാടി. താൽപര്യമുള്ളവർക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 9.30ന് മുമ്പ് എത്തി പങ്കെടുക്കം. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതിയുടെയും മറ്റ് പദ്ധതികളുടെയും വിശദാംശം ശിൽപശാലയിൽ ലഭ്യമാകും. കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കാനാകുന്ന നൂതന ബിസിനസ് ആശയങ്ങളും പരിചയപ്പെടാം. വിശദ വിവരങ്ങൾക്ക് സിഎംഡി ഹെൽപ് ഡെസ്‌കിൽ 0471 2329738, -8078249505 എന്നീ നമ്പറിൽ ബന്ധപ്പെടാം. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്ത് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കാനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എൻഡിപിആർഇഎം പദ്ധതി. www.norkaroots.org എന്ന നോർക്ക വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. കൃത്യമായ വായ്‌പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നുലക്ഷം രൂപവരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യ നാലുവർഷം) ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 18004253939 (ഇന്ത്യയിൽനിന്ന്), -8802012345 (വിദേശത്തുനിന്ന്, മിസ്‌ഡ് കോൾ സർവീസ്).