മട്ടന്നൂരില്‍ പനിബാധിതരുടെ എണ്ണം കൂടുന്നു; ഗവ. ആസ്പത്രിയില്‍ രോഗികൾക്ക് ദുരിതം

മട്ടന്നൂര്‍: മേഖലയില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നു. ദിനംപ്രതി അഞ്ഞൂറോളം രോഗികളാണ് ഇപ്പോള്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെത്തുന്നത്. ഒ.പി ചീട്ട് ലഭിക്കുന്നതിനും, തുടര്‍ന്ന് ഡോക്ടറെ കാണുന്നതിനും, മരുന്നു വാങ്ങിക്കുന്നതിനും മണിക്കൂറുകളാണ് രോഗികള്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്. ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് ദുരിത്തതിന് കാരണം.ഒ.പി ചീട്ട് ലഭിക്കാനും ഡോക്ടറെ കാണുവാനും മരുന്നുവാങ്ങുവാനും നീണ്ട ക്യൂ ആണ്. മരുന്നു വിതരണം നടത്തുന്ന ഫാര്‍മസിയില്‍ മാത്രമാണ് അഞ്ചോ ആറോ ജീവനക്കാരുള്ളത്. ഒ.പി കൗണ്ടറില്‍ പലപ്പോഴും ഒരു ജീവനക്കാരി മാത്രമാണ് ഉണ്ടാകാറുള്ളത്. നിരവധി ക്യൂകളില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്നതിനാല്‍ കാലത്ത് ഒമ്പതിന് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഉച്ച വരെ കാത്തിരിക്കേണ്ടി വരുന്നു. ആവശ്യത്തിനുള്ള മരുന്നുകളുടെ ക്ഷാമവും രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു.
മഞ്ഞപ്പിത്ത പ്രതിരോധ പ്രവര്‍ത്തനം ഊർജിതമാക്കി
മട്ടന്നൂര്‍: നഗരസഭയിലെ വെമ്പടി പ്രദേശത്ത് 15 പേര്‍ക്ക് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ആരോഗ്യവകുപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകള്‍ കയറിയുള്ള ബോധവത്കരണം, ക്ലോറിനേഷന്, നോട്ടീസ് വിതരണം കടകളില്‍ പരിശോധന എന്നിവക്ക് വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. സിജില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ബി. ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി. സമഞ്ഞപ്പിത്തം മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് പകരുന്നത്.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുക, ഭക്ഷണത്തിനു മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ ശുചിത്വ ശീലങ്ങള്‍ അനുവര്‍ത്തിക്കണമെന്ന് നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത്, മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ. കാര്‍ത്യായനി എന്നിവര്‍ അറിയിച്ചു.