മുറി ബുക്കിങ്, കാര്‍, വായ്പ…ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുന്നു

കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്ത ആള്‍ക്ക് പണം നഷ്ടപ്പെട്ടു. കൂത്തുപറമ്പ് സ്വദേശിയുടെ 39,513 രൂപയാണ് നഷ്ടമായത്. ഷെയര്‍ ട്രേഡിങിനായി തട്ടിപ്പുകാരുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണമയച്ചു നല്കിയ എടക്കാടെ യുവതിയുടെ 70,000 രൂപയും ന്യൂമാഹിയിലെ യുവാവിന് 14,088 രൂപയും നഷ്ടപ്പെട്ടു. വ്യാജ വെബ്സൈറ്റിലെ പരസ്യം കണ്ട് മാജിക് ബ്രിക്സ് എന്ന ഉല്പന്നത്തിന് ഓര്‍ഡര്‍ ചെയ്ത കണ്ണൂര്‍ ടൗൺ സ്വദേശിയുടെ 1,49,999 രൂപയും കവര്‍ന്നു.ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സ്വന്തമാക്കി മട്ടന്നൂരിലെ യുവാവിന്റെ 79,000 രൂപ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കവര്‍ന്നു. മുണ്ടയാടെ യുവാവിന്റെ 59,610 രൂപയാണ് നഷ്ടപ്പെട്ടത്. വെബ്സൈറ്റില്‍ പ്രോട്ടീന്‍ പൗഡര്‍ ഓര്‍ഡര്‍ ചെയ്തത് പ്രകാരം പണം അയച്ചു നല്‍കുകയായിരുന്നു. ഫെയ്സ്ബുക്കില്‍ പരസ്യം കണ്ട് കാര്‍ വാങ്ങുന്നതിന് അഡ്വാന്‍സായി 23,000 രൂപ അയച്ചു നല്കിയ ചക്കരക്കല്ലിലെ യുവാവും തട്ടിപ്പിനിരയായി.പാനൂർ സ്വദേശിയെ ഓണ്‍ലൈന്‍ വായ്പ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പില്പെടുത്തിയത്. 17,486 രൂപയാണ് നഷ്ടപ്പെട്ടത്. ഫെയ്സ്ബുക്കില്‍ സ്ക്രീന്‍ഷോട്ട് ചലഞ്ചില്‍ സമ്മാനം ലഭിച്ച വളപട്ടണത്തെ യുവാവിന്റെ 7,000 രൂപ തട്ടിയെടുത്തു. രജിസ്ട്രേഷന്റെയും കൊറിയറിന്റെയും ഫീസാണെന്ന് പറഞ്ഞാണ് തുക തട്ടിയെടുത്തത്.