കേരള ചിക്കൻ നാലിടത്ത് ഉടൻ

കണ്ണൂർ: കുടംബശ്രീയുടെ കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ ജില്ലയിൽ നാലിടത്ത് ഉടൻ തുടങ്ങും. മട്ടന്നൂർ നെല്ലൂന്നി, കുറ്റ്യാട്ടൂർ, ഇരിട്ടി, പാപ്പിനിശേരി എന്നിവിടങ്ങളിലെ കുടുംബശ്രീ പ്രവർത്തകരാണ് സ്‌റ്റാൾ തുടങ്ങുന്നത്. നെല്ലൂന്നിയിലും കുറ്റ്യാട്ടൂരും സ്ഥലവും കെട്ടിടവും റെഡിയാണ്. മലിനീകരണ നിയന്ത്രണബോർഡ് സർട്ടിഫിക്കറ്റുകൂടി ലഭിച്ചാൽ ഒരുമാസത്തിനകം സ്‌റ്റാൾ സജ്ജമാകും. ഇരിട്ടിയിലും പാപ്പിനശേരിയിലും അപേക്ഷ പരിഗണനയിലുമാണ്. കുടുംബശ്രീ സിഡിഎസ്സുകളിൽ സ്‌റ്റാളിനായി അംഗങ്ങൾക്ക് അപേക്ഷ നൽകാം. ജില്ലാ മിഷൻവഴി കേരളാചിക്കൻ കമ്പനിക്ക് അപേക്ഷ കൈമാറും. ഒന്നരലക്ഷം രൂപ നാലുശതമാനം പലിശക്ക് സഹായവുംനൽകും. കിലോയ്‌ക്ക് 17 രൂപ നടത്തിപ്പുകാർക്ക് കിട്ടും. കുടുംബശ്രീയുടെ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ 15 ഫാമും ജില്ലയിൽ നടത്തുന്നുണ്ട്. പടിയൂർ, മട്ടന്നൂർ, ചാവശേരി, പാപ്പിനിശേരി, എരമം–- കുറ്റൂർ, ആലക്കോട്, കണിച്ചാർ എന്നിവിടങ്ങളിലാണിത്. കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ എത്തിച്ചുനൽകും. 35 മുതൽ 42 ദിവസത്തിനുള്ളിൽ ഫാമുകളിൽനിന്ന് കോഴികളെ കുടുംബശ്രീ ഔട്ട്‌ലെറ്റുകൾക്ക് തിരിച്ചുനൽകും. കിലോയ്‌ക്ക് 13 രൂപ വരെ ഫാമുകാർക്ക് കിട്ടും. കഴിഞ്ഞ വർഷം ജില്ലയിൽനിന്ന് 1,37,671 കോഴികളെ കേരളാ ചിക്കന് നൽകി. കോഴിക്കോട്, എറണാകുളം ജില്ലയിലെ സ്‌റ്റാളുകളിലാണ് വിറ്റത്. ജില്ലയിലും സ്‌റ്റാൾ സജ്ജമായാൽ, ഇവിടത്തെ കോഴികളെ ഇവിടത്തന്നെ വിൽക്കാനുമാകും. കേരളത്തിൽ വിവിധ ജില്ലകളിലായി 140 കേരളാ ചിക്കൻ ഔട്ട്‌ലെറ്റ് കുടുംബശ്രീക്കുണ്ട്. ദിവസം 50 ടണ്ണോളമാണ് വിൽപ്പന. അടുത്ത വർഷത്തോടെ വിപണിയുടെ 25 ശതമാനം എങ്കിലും കേരളാ ചിക്കനാക്കുകയാണ് ലക്ഷ്യം. ഇറച്ചിക്കോഴി വില പിടിച്ചുനിർത്തുന്നതിന് സംസ്ഥാന സർക്കാർ കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ചതാണ് കേരള ചിക്കൻ പദ്ധതി. സ്‌റ്റാൾ തുടങ്ങാൻ ഉടൻ വിളിക്കാം. ഫോൺ: 8075089030.