കക്കാട് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: മാരക ലഹരി മരുന്നായ 24 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. കണ്ണൂർ ടൗണിന് സമീപം കക്കാട് ഒണ്ടേൻപറമ്പിലെ മന്ദ്യത്ത് ഹൗസിൽ വിപീഷിനെയാണ് (35) കക്കാട് ഒണ്ടേൻ പറമ്പിന് സമീപംനടത്തിയ പരിശോധനയിൽ അറസ്റ്റു ചെയ്‌തത്. പ്രതിയെ പിടികൂടാൻ കേരള എ ടി എസിന്റെ സഹായം ലഭിച്ചിരുന്നു. പ്രതി എംഡിഎംഎ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വിദേശത്തു ജോലി ചെയ്യുകയായിരുന്ന പ്രതി നാട്ടിലെത്തി ലഹരി വസ്തുക്കൾ വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. നിരവധി പേരാണ് ഇയാളിൽ നിന്നും ലഹരി വസ്‌തുക്കൾ വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറു കിട വിൽപ്പന നടത്തുന്നതെന്ന് എക്സൈസ് അറിയിച്ചു.