നിമിഷപ്രിയയുടെ മോചനം ; കടമ്പകളേറെ , തടസ്സമായി യമനിലെ പ്രതിഷേധങ്ങളും

Share our post

കോഴിക്കോട്‌: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത്‌ നീട്ടിയെങ്കിലും മോചനം നേടാൻ കടമ്പകളേറെ. ദിയാധനമല്ല ഞങ്ങളുടെ ആവശ്യമെന്നും ഒത്തുതീർപ്പിനില്ലെന്നും പറഞ്ഞ്‌ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തെത്തിയതും ദമാറിലെ യുവാക്കളുടെ പ്രതിഷേധവുമാണ്‌ മോചനത്തിന്‌ തടസ്സമാകുന്നത്‌. ഇന്ത്യൻ മാധ്യമങ്ങൾ യമനെ അപകീർത്തിപ്പെടുത്തുന്നെന്ന് കേരളത്തിലടക്കമുള്ള ചില ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നതും മോചനത്തിന്‌ തടസ്സമാകുന്നുണ്ടെന്നാണ്‌ വിവരം. എന്നാൽ, തലാലിന്റെ ജന്മദേശമായ ദമറിലും തലസ്ഥാനമായ സനായിലും മധ്യസ്ഥശ്രമങ്ങളും അനൗദ്യോഗിക ചർച്ചകളും തുടരുകയാണെന്ന്‌ കാന്തപുരത്തിന്റെ പ്രതിനിധി സംഘം അറിയിച്ചു. ഇരയുടെ കുടുംബം ആദരിക്കുന്ന സൂഫി പണ്ഡിതന്റെ ഇടപെടലുകളെ നിഷേധിച്ചും അവഹേളിച്ചും ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്ന വാർത്തകൾ യമനിൽ പ്രചരിച്ചതാണ്‌ മധ്യസ്ഥ ചർച്ചകൾക്ക്‌ തടസ്സമായത്‌. ചർച്ചയ്‌ക്ക് തയ്യാറായ കുടുംബത്തിലെ കാരണവന്മാർക്കെതിരെ പരസ്യപ്രതിഷേധവുമായി യുവാക്ക
ളെത്തി.

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലാണ്‌ കേസിൽ വഴിത്തിരിവായത്‌. കാന്തപുരത്തിന്റെ അഭ്യർഥനപ്രകാരം യമനിലെ സൂഫി പണ്ഡിതനായ ശൈഖ്‌ അബീബ്‌ ഉമർബ്‌നു ഹഫീസുമായി നടത്തിയ ചർച്ചയിലാണ്‌ വധശിക്ഷ നീട്ടിയത്‌. കേസിൽ ഇനിയും പുരോഗതി ഉണ്ടാകേണ്ടതുണ്ട്. ശിക്ഷ മാറ്റിവയ്‌ക്കുന്ന ഉത്തരവേ ഉണ്ടായിട്ടുള്ളൂ. സൂഫി പണ്ഡിതന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയാണ്. ശൈഖ്‌ ഹബീബ്‌ ഉമറിന്റെ സഹോദരപുത്രൻ ഹബീബ്‌ അബ്ദുറഹ്മാൻ മശ്‌ഹൂറിന്റെ നേതൃത്വത്തിലും
കുടുംബാംഗങ്ങളും മറ്റുമായി ചർച്ച തുടരുകയാണെന്നും പ്രതിനിധി സംഘം അറിയിച്ചു. ദിയാധനത്തിലും മാപ്പ് നൽകുന്നതിലും കുടുംബം ഉറപ്പുനൽകേണ്ടതുണ്ട്‌. അതുവരെ ശ്രമം പൂർണമായി വിജയിക്കില്ല. നിമിഷയുടെ ജീവൻ പണയപ്പെടുത്തിയുള്ള തർക്കങ്ങൾ എല്ലാവരും ഒഴിവാക്കണമെന്ന്‌ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!