മരിയജോസ്‌ ഓടുന്നു,ഹൃദയാരോഗ്യത്തിനായി

Share our post

കണ്ണൂർ: രാവിലെ 5.30ന്‌ മുഴപ്പിലങ്ങാട്ടെ വീട്ടിൽനിന്ന്‌ പുറപ്പെടും. വഴിയിൽനിന്ന്‌ നിരവധി പേർ ചേരും. ഈ പിന്തുണയാണ്‌ ഓട്ടത്തിന്‌ പിൻബലമേകുന്നതെന്ന്‌ മരിയജോസ്‌. ‘ഹൃദയാരോഗ്യം ഓട്ടത്തിലൂടെ ഉറപ്പാക്കാ’മെന്ന സന്ദേശവുമായാണ്‌ മരിയ ജോസ്‌ നൂറ്‌ ദിവസത്തെ ഹാഫ്‌ മാരത്തണിന്‌ തുടക്കം കുറിച്ചത്‌. എട്ടുദിവസം പിന്നിടുമ്പോൾ നാൽപത്‌ പേർ മരിയജോസിനൊപ്പം ഓടാനായി ഒന്നിച്ചുകഴിഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ക്വിക്ക് റെസ്പോൺസ് ടീം എസ്ഐയായി വിരമിച്ച മരിയജോസ് കഴിഞ്ഞ ആറുമാസമായി മാരത്തണിനായുള്ള തയ്യാറെടുപ്പിലാണ്‌. ജൂൺ ഒന്നിന്‌ മൂന്നാർ മുതൽ കോതമംഗലം വരെ 80 കിലോ മീറ്റർ മാരത്തണിൽ പങ്കെടുത്ത്‌ മൂന്നാം സ്ഥാനം നേടി. ഇത് ആത്മവിശ്വാസം വർധിപ്പിച്ചു. ഓരോ ദിവസവും 21 കിലോ മീറ്റർ ദൂരം ഓടുകയെന്ന ലക്ഷ്യവുമായാണ്‌ മരിയജോസ്‌ തുടങ്ങിയത്‌. മുടങ്ങാതെ നൂറ്‌ ദിവസം ഹാഫ്‌ മാരത്തൺ പൂർത്തിയാക്കുക. രാവിലെ അഞ്ച്‌ മുതൽ വീട്ടിൽ തന്നെ അരമണിക്കൂർ വ്യായാമം. പിന്നീട്‌ അരമണിക്കൂർ നടത്തം. അതിന്‌ ശേഷം സ്‌മാർട്‌ വാച്ചും ഫോണും ഉപയോഗിച്ച്‌ ട്രാക്ക്‌ ചെയ്യുന്ന വിധത്തിൽ 21 കിലോ മീറ്റർ ദൂരം ഓട്ടം. എട്ട്‌ ദിവസം പിന്നിടുമ്പോൾ വാട്‌സാപ്‌ ഗ്രൂപ്പുമായി നാൽപതോളം പേർ ഓടാനായി ചേർന്നുകഴിഞ്ഞു. തലേദിവസം രാത്രി ഏഴോടെ റൂട്ട്‌ ഗ്രൂപ്പിൽ അറിയിക്കും. ഓരോ ഇടങ്ങളിൽനിന്നായി നിരവധി പേർ മരിയ ജോസിനൊപ്പം പങ്കാളികളാകും. ഈ ഊർജ്ജം ലിംക ബുക്ക്‌ ഓഫ്‌ റെക്കൊഡിലേക്ക്‌ വഴിതുറക്കാനാകുമെന്ന വിശ്വാസത്തിലാണ്‌ മരിയജോസ്‌. മുടങ്ങാതെ നൂറുദിവസം മാരത്തൺ പൂർത്തിയാക്കാനായി കോച്ചുമാരടങ്ങിയ സപ്പോർട്ടിങ് ടീം അമ്പത്തേഴുകാരനായ മരിയജോസിനൊപ്പമുണ്ട്‌. മുഴപ്പിലങ്ങാട്ടെ വീട്ടിൽനിന്ന്‌ വിവിധ വഴികളിലൂടെയാണ് ഓടുന്നത്. ഓരോ ദിവസവും ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ഇന്റർനാഷണൽ അത്‌ലറ്റുകളും സായി, സ്‌പോർട്‌സ്‌ സ്‌കൂൾ എന്നിവിടങ്ങളിൽനിന്നുൾപ്പെടെയുള്ള കായികതാരങ്ങളും ഹാഫ് മാരത്തണിൽ പങ്കാളികളാകുന്നു. കഴിഞ്ഞ ദിവസം ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റ് താരം ഹസീന ആലിയമ്പത്തും പങ്കാളികളായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!