മലബാറിൽ പാചകവാതക ക്ഷാമം രൂക്ഷം; കണ്ണൂരിൽ വിതരണം മുടങ്ങിയിട്ട് ആറു ദിവസം

Share our post

കണ്ണൂർ : മലബാർ ജില്ലകളിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാചകവാതക വിതരണം (ഇൻഡേൻ) മലപ്പുറത്തെ ചേളാരി പ്ലാന്റിൽനിന്നു മാത്രമാക്കിയതോടെ പ്രതിസന്ധി. കണ്ണൂർ ജില്ലയിലെ 18 ഏജൻസികളിൽ വിതരണം പൂർണമായി നിലച്ചു. വയനാട്, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും പ്രതിസന്ധി രൂക്ഷമാണ്. കണ്ണൂരിൽ വിതരണം മുടങ്ങിയിട്ട് ആറു ദിവസമായി. വയനാടും സമാനമായ നിലയിലേക്ക് നീങ്ങുകയാണ്. പ്രശ്നം പരിഹരിക്കാൻ ഐഒസിയുടെ ഭാഗത്തുനിന്ന് നടപടി ഇല്ലാതായതോടെ ഓഫിസുകൾ അടച്ചിടേണ്ട ഗതികേടിലാണ് ഏജൻസി ഉടമകൾ. മംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് ഏതാനും വർഷങ്ങളായി ഇൻഡേൻ പാചകവാതകം കണ്ണൂർ, വയനാട് ജില്ലകളിലെ ഏജൻസികൾക്ക് എത്തിച്ചിരുന്നത്. തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് ചേളാരി പ്ലാന്റിൽനിന്നു പാചകവാതകം നൽകിയിരുന്നത്. അതിൽതന്നെ കുറേപ്രദേശങ്ങളിൽ കോയമ്പത്തൂർ പ്ലാന്റിൽനിന്നുകൂടി ലഭിച്ചതിനാൽ ക്ഷാമം ഉണ്ടായിരുന്നില്ല.

കോഴിക്കോട് പ്ലാന്റിൽനിന്ന് ദിവസം 110 ലോഡ് സിലിണ്ടർ മാത്രമാണ് നൽകാൻ കഴിയുക. ആറു ജില്ലകളിലേക്ക് പ്രതിദിനം 400 ലോഡിൽ അധികം സിലിണ്ടറുകൾ ആവശ്യമാണ്. ആറുദിവസം മുൻപ് മുന്നറിയിപ്പില്ലാതെയാണ് ഏജൻസികളെ ചേളാരി പ്ലാന്റിനു കീഴിലേക്കു മാറ്റിയത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകവും ലഭ്യമല്ലാതായതോടെ ആശുപത്രികൾ, ഹോട്ടലുകൾ, സ്കൂളുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ പ്രവർത്തനവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സ്കൂളുകളിൽ പാചകവാതകം ഉപയോഗിച്ചു മാത്രമേ ഭക്ഷണം തയാറാക്കാൻ പാടുള്ളൂവെന്ന സർക്കാർ ഉത്തരവു നിലനിൽക്കുമ്പോഴാണ് ഇൻഡേൻ പാചകവാതക വിതരണം പൂർണമായി നിലയ്ക്കുന്നത്. ഉപയോക്താക്കളുടെ പ്രതിഷേധം നേരിടാനാകാതെ ഏജൻസികൾ വലയുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!