വയനാട് ഡി.സി.സി പ്രസിഡന്റിന് മർദനം; തിരിച്ചടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ഗ്രൂപ്പുപോര് തെരുവിൽ

Share our post

പുല്പള്ളി : മുള്ളൻകൊല്ലിയിലെ കോൺഗ്രസിനുള്ളിലെ കലാപത്തിൽ ഡിസിസി പ്രസിഡന്റിനും ‘അടി’ പതറി. നേതാക്കൾ ഇരുചേരികളായി തിരിഞ്ഞപ്പോൾ അടിയും അടിക്ക് തിരിച്ചടിയുമായി മുള്ളൻകൊല്ലി കോൺഗ്രസിലെ ഗ്രൂപ്പുപോര് തെരുവിലേക്കെത്തി നിൽക്കുകയാണ്. ശനിയാഴ്ച രാവിലെ മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ വികസന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ കൈയേറ്റത്തിനിരയായപ്പോൾ പകരംചോദിക്കാൻ വൈകുന്നേരം കല്പറ്റയിൽനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുല്പള്ളി പോലീസ് സ്റ്റേഷന് മുന്നിലിട്ടാണ് മുള്ളൻകൊല്ലിയിലെ രണ്ട് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്.

ഐ.സി.യുടെയും കെ.എൽ.പി.യുടെയും പേരിൽ ആരോപണം

എൻ.ഡി. അപ്പച്ചൻ പക്ഷക്കാരനായ മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ഷിനോ തോമസിനെ മാറ്റണമെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിമതവിഭാഗത്തിന്റെ പ്രതിഷേധം. എൻ.ഡി. അപ്പച്ചന്റെ എതിർചേരിയിലുള്ള കെപിസിസി നിർവാഹകസമിതിയംഗം കെ.എൽ. പൗലോസും ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുമാണ് പാടിച്ചിറയിലുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടത്തിയതെന്നാണ് മണ്ഡലം കമ്മിറ്റിയിലെ ഔദ്യോഗികവിഭാഗം നേതാക്കൾ ആരോപിക്കുന്നത്. ഇരുവർക്കും യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. കുറച്ചുകാലം മുൻപ്‌ ഡിസിസി പ്രസിഡന്റിനെ എംഎൽഎ ഫോണിൽ അസഭ്യം പറയുന്നതിന്റെ ഓഡിയോ പുറത്തുവന്നതും വലിയ വിവാദമായിരുന്നു.

മുള്ളൻകൊല്ലിയിലെ കോൺഗ്രസിനുള്ളിൽ കഴിഞ്ഞ ഏതാനും മാസമായി തുടരുന്ന വിമതനീക്കത്തിനെതിരേ ഡിസിസി പ്രസിഡന്റ് കർശന നിലപാട് സ്വീകരിച്ചിരുന്നു. പലതവണ താക്കീത് നൽകിയിട്ടും പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതരത്തിൽ പ്രവർത്തിച്ചതിനെത്തുടർന്ന് മൂന്ന് നേതാക്കളുടെപേരിൽ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. മുള്ളൻകൊല്ലിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജൂൺ 31-ന് കെപിസിസി നേതാക്കളായ ജമീല ആലിപ്പറ്റ, പി.എം. നിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ കല്പറ്റയിലെ ഡിസിസി ഓഫീസിൽ വിളിച്ചുചേർത്ത യോഗവും അടിപിടിയിൽ കലാശിച്ചിരുന്നു. ഈ യോഗത്തിൽ പ്രശ്നമുണ്ടാക്കിയവരുടെ നേതൃത്വത്തിൽതന്നെയാണ് പാടിച്ചിറയിൽ ഡിസിസി പ്രസിഡന്റിനെ കൈയേറ്റം ചെയ്തതെന്നാണ് നേതാക്കൾ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!