ബി.ജെ.പി നേതാവ് സി.സദാനന്ദന്‍ രാജ്യസഭയിലേക്ക്, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു

Share our post

കൊച്ചി : മുതിര്‍ന്ന ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയുടെ നോമിനേഷന്‍ പ്രകാരമാണ് സി സദാനന്ദന്‍ രാജ്യസഭയിലെത്തുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നാല് പേരുടങ്ങുന്ന നോമിനേറ്റഡ് അംഗങ്ങളുടെ പട്ടികയിലാണ് സദാനന്ദന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍ വിദേശകാര്യ സെക്രട്ടറി ശ്രിംഗ്ല, 26/11 മുംബൈ ഭീകരാക്രമണ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം, ചരിത്രകാരി മീനാക്ഷി ജെയിന്‍ എന്നിവരാണ് പട്ടികയിലെ മറ്റ് മൂന്ന് പേര്‍. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ സി സദാനന്ദന്‍ കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളുടെ ഇരകൂടിയാണ്. 1994 ല്‍ നടന്ന ആക്രണത്തില്‍ സി സദാനന്ദന്റെ രണ്ട് കാലുകളും വെട്ടിമാറ്റപ്പെട്ടിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ എട്ട് പേര്‍ക്ക് 7 വര്‍ഷത്തെ കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷയും ലഭിച്ചിരുന്നു.

നേരത്തെ, സുരേഷ് ഗോപി അംഗമായിരുന്ന നോമിനേറ്റഡ് രാജ്യസഭാ സീറ്റ് പിന്നീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു ഇതിലേക്കാണ് സി സദാനന്ദനെ പരിഗണിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള നാമ നിര്‍ദേശം കൂടിയാണിത്. ബിജെപി സ്ഥാനാര്‍ഥിയായി നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത്സരിച്ചിട്ടുണ്ട് സി സദാനന്ദന്‍. മുന്‍ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ മുന്‍ അംബാസഡറുമാണ് പട്ടികയിലെ ശ്രിംഗ്ല. 2023-ല്‍ ഇന്ത്യയുടെ ജി20 പ്രസിഡന്‍സിയുടെ ചീഫ് കോര്‍ഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകനായ ഉജ്ജ്വല്‍ നികം മുംബൈ ഭീകരാക്രമണ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ഗാര്‍ഗി കോളേജിലെ മുന്‍ ചരിത്ര അസോസിയേറ്റ് പ്രൊഫസറാണ് ഡോ. മീനാക്ഷി ജെയിന്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!