പോപ്പുലർ ഫ്രണ്ട് നിരോധനം; പത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി

കൊച്ചി: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് പത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളും ട്രസ്റ്റുകളും നൽകിയ അപ്പീലിലാണ് കൊച്ചി എൻഐഎ കോടതിയുടെ നടപടി. മഞ്ചേരിയിലെ ഗ്രീന്‍വാലി, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷന്‍ തുടങ്ങിയ സ്വത്തുക്കള്‍ വിട്ടുനല്‍കാനാണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തനത്തിന് ഈ സ്വത്തുക്കൾ ഉപയോഗിക്കുന്നു എന്നായിരുന്നു എൻഐഎ വാദം. 2022ൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധത്തിന് ശേഷം അവരുമായി ബന്ധപ്പെട്ട നിരവധി സ്വത്തുക്കൾ എൻഐഎയുടെ ശുപാർശ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടുകെട്ടിയിരുന്നു. അത്തരത്തിൽ 10 സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടിയാണ് കൊച്ചി എൻഐഎ പ്രത്യേക കോടതി റദ്ദാക്കിയിരിക്കുന്നത്. ജപ്തി റദ്ദാക്കിയ സ്വത്തുക്കളിൽ മലപ്പുറം മഞ്ചേരി കാരാപറമ്പിലെ ഗ്രീൻ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടർ ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടുന്നു.
എൻഐഎയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2022 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി തുടങ്ങിവച്ച ജപ്തി നടപടികളെ ചോദ്യം ചെയ്യുന്ന ഹരജികളിലാണ് നടപടി. പോപുലർ ഫ്രണ്ടുമായി നേരത്തെ ബന്ധമുണ്ടായിരുന്ന സ്വകാര്യ വ്യക്തികളും ട്രസ്റ്റികളും സമർപ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിച്ചത്. സംഘടനയുടെ കേഡർമാരെ താമസിപ്പിക്കാനും സ്ഫോടകവസ്തുക്കളും ആയുധങ്ങളും നിർമിക്കാനും ഉപയോഗിക്കുന്നതിനും പരിശീലനം നടത്താനുമാണ് ഈ കേന്ദ്രം ഉപയോഗിക്കുന്നതെന്നാണ് എൻഐഎ ആരോപിച്ചത്. എന്നാൽ പിഎഫ്ഐയും അതിന്റെ പഴയ രൂപമായ നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടും (എൻ ഡി എഫ്) രൂപീകരിക്കുന്നതിനും മുമ്പുതന്നെ ട്രസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഗ്രീൻ വാലി ഫൗണ്ടേഷൻ വാദിച്ചു. 1993ൽ സ്ഥാപിച്ച ഗ്രീൻ വാലിയുടെ ആസ്തികൾ തീവ്രവാദത്തിന്റെ ഭാഗമായുള്ളതല്ലെന്നും സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണെന്നും ട്രസ്റ്റ് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ജപ്തി റദ്ദാക്കിയ സ്വത്തുക്കൾ
1- ഗ്രീൻ വാലി ഫൗണ്ടേഷൻ ട്രസ്റ്റ്, പുൽപ്പറ്റ, മലപ്പുറം
2- കോഴിക്കോട് മീഞ്ചന്തയിൽ ഒബെലിസ്ക് പ്രോപ്പർട്ടീസ് ആൻഡ് ഡെവലപ്പർമാരുടെ യൂനിറ്റി ഹൗസ്
3- ആലപ്പുഴ മണ്ണഞ്ചേരിയിലെ ഷാഹുൽ ഹമീദിൻ്റെ ഷോപ്പിങ് കോംപ്ലക്‌സ്
4- കാരുണ്യ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്വത്ത്, കരുനാഗപ്പള്ളി, കൊല്ലം
5- പന്തളം എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്ഥലവും കെട്ടിടവും, പന്തളം
6- തൃശൂർ ചാവക്കാട് മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം
7- വയനാട് മാനന്തവാടിയിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റിന്റെ സ്വത്ത്
8- ആലുവയിലെ അബ്‌ദുൽ സത്താർ ഹാജി മൂസ സെയ്ത് ജുമാ മസ്‌ജിദ് ഭൂമി
9- പാലക്കാട് പട്ടാമ്പി കൽപക ജംഗ്ഷനിൽ കെ ടി അസീസിൻ്റെ ഷോപ്പിങ് കോംപ്ലക്സ്
10- ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്, ആലപ്പുഴ.