കണ്ണൂർ നഗരത്തിൽ തെക്കീ ബസാറിലെ ‘തലതിരഞ്ഞ’ ഗതാഗത പരിഷ്കരണം ഭാഗികമായി പിൻവലിച്ചു

Share our post

കണ്ണൂർ : നഗരത്തിൽ ദേശീയപാത തെക്കീ ബസാറിൽ പൊലീസ് നടപ്പാക്കിയ ‘തലതിരഞ്ഞ’ ഗതാഗത പരിഷ്കരണം ഭാഗികമായി പിൻവലിച്ചു. ഗതാഗത പരിഷ്കരണം പരീക്ഷണമായതോടെ കടുത്ത വാഹനക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടിരുന്നത്. പൊലീസിനെതിരെ ജനരോഷം ഉയരുകയും ചെയ്തതോടെയാണ് പരിഷ്കരണം പിൻവലിക്കാൻ പൊലീസ് നിർബന്ധിതമായത്. തെക്കീ ബസാർ–കക്കാട് റോഡ് ജംക്‌ഷനിൽ രണ്ട് ദിവസമായി പൊലീസ് നടപ്പാക്കിയ ഗതാഗത ’പരീക്ഷണമാണ്’ പിൻവലിച്ചത്.

കക്കാട് റോഡിൽ നിന്നും വരുന്ന വാഹനങ്ങളെ തെക്കീ ബസാർ ജംക്‌ഷനിൽനിന്ന് തളാപ്പ് ഭാഗത്തേക്ക് പോകാൻ അനുവദിക്കാതെ, പകരം കാൽടെക്സ് സിഗ്നൽ സർക്കിൾ ചുറ്റിക്കുകയായിരുന്നു പൊലീസ്. സ്ഥലപരിമിതി കാരണം സിഗ്നൽ സർക്കിളിൽ തിരിയാൻപോലും കഴിയാത്ത സാഹചര്യത്തിൽ അനാവശ്യമായി വാഹനങ്ങളെ സർക്കിളിൽ എത്തിച്ചതോടെ ഗതാഗതം പാടേ സ്തംഭിക്കുകയായിരുന്നു. ദേശീയപാതയിൽ വാഹന കുരുക്ക് താണ ഭാഗത്തേക്കും പള്ളിക്കുന്ന് വരെയും നീണ്ടു. നിലവിൽ തെക്കീ ബസാർ ജംക്‌ഷനിൽ ചെറിയ തോതിൽ വാഹന കുരുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇവിടത്തെ വാഹന തിരക്ക്, ഗതാഗത നിയന്ത്രണത്തിനുള്ള പൊലീസ് ഉദ്യോഗസ്ഥൻ കൃത്യമായി പരിഹരിക്കാറുമുള്ളതാണ്. യാത്രക്കാരോ ഡ്രൈവർമാരോ നാട്ടുകാരോ ഇവിടെ ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ല.ഇതിനിടെയാണ് ഗതാഗത പരിഷ്കരണവുമായി പൊലീസെത്തിയത്. ഇന്നലെ രാവിലെയോടെ തെക്കീ ബസാർ ജംക്‌ഷനിൽനിന്നു വാഹനങ്ങളെ സാധാരണപോലെ തളാപ്പ് ഭാഗത്തേക്ക് കടത്തിവിട്ടു തുടങ്ങി.

ഇവിടെ സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡ് പകുതി നീക്കി.അതേസമയം കാൽടെക്സ് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ‌ തെക്കീ ബസാർ ജംക്‌ഷനിൽനിന്നു കക്കാട് റോഡിലേക്ക് കയറുന്നത് ഒഴിവാക്കി, ഏതാനും ദൂരം മുന്നോട്ടുപോയി വലതു വശത്തെ റോഡിലൂടെ കക്കാട് റോഡിലേക്ക് പ്രവേശിക്കും വിധത്തിലുള്ള ക്രമീകരണം തുടരും.ഈ ക്രമീകരണം തെക്കീ ബസാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഇവിടെയുള്ള ബസ് സ്റ്റോപ്പ് കുറച്ച് കൂടി മുന്നോട്ടായി ബ്രിഡ്കോ ആൻഡ് ബ്രിഡ് കോയ്ക്ക് സമീപമാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!