മിന്നിത്തിളങ്ങി കണ്ണൂർ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾ

Share our post

കണ്ണൂർ: സംസ്ഥാന കായകൽപ് പുരസ്‌കാരങ്ങളിൽ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് അഭിമാനനേട്ടം. ജില്ലാ/ജനറൽ, താലൂക്ക്, പ്രാഥമികാരോഗ്യകേന്ദ്രം, ജനകീയാരോഗ്യകേന്ദ്രം വിഭാഗങ്ങളിൽ വിവിധ സ്ഥാപനങ്ങൾ പുരസ്‌കാരംനേടി. ജില്ലാ/ജനറൽ ആശുപത്രി വിഭാഗത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് (81ശതമാനം) നേടിയ മാങ്ങാട്ടുപറമ്പ്‌ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കായകൽപ് കമൻഡേഷൻ പുരസ്‌കാരം കരസ്ഥമാക്കി. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. താലൂക്ക് ആശുപത്രി വിഭാഗത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ പഴയങ്ങാടി താലൂക്ക് ആശുപത്രി (73 ശതമാനം) ഒരു ലക്ഷം രൂപയുടെ കായകൽപ് കമൻഡേഷൻ പുരസ്‌കാരത്തിന്‌ അർഹമായി. പ്രാഥമികാരോഗ്യകേന്ദ്ര വിഭാഗത്തിൽ 95.8 ശതമാനം മാർക്ക് നേടി ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം രണ്ട് ലക്ഷം രൂപയുടെയും 92.5 ശതമാനം മാർക്ക് നേടി കല്യാശേരി കുടുംബാരോഗ്യ കേന്ദ്രം 50,000 രൂപയുടെയും 90.8 ശതമാനം മാർക്ക് നേടി മൊറാഴ, ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രങ്ങൾ 25,000 രൂപയുടെയും പുരസ്‌കാരങ്ങൾനേടി. ജനകീയാരോഗ്യകേന്ദ്ര വിഭാഗത്തിൽ 97.5 ശതമാനം മാർക്ക് നേടി കതിരൂർ മെയിൻ സെന്റർ ഒരു ലക്ഷം രൂപയുടെയും 96.2 ശതമാനം മാർക്ക് നേടി കുണ്ടുചിറ 50,000 രൂപയുടെയും 93.8 ശതമാനം മാർക്ക് നേടി മോറാഴ 35,000 രൂപയുടെയുംപുരസ്‌കാരത്തിനർഹമായി. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി സർക്കാർ ആവിഷ്‌കരിച്ചതാണ്‌ കായകൽപ് പുരസ്‌കാരം. കേരളത്തിലെ ജില്ലാ/ജനറൽ/സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽനിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് സംസ്ഥാന കായകൽപ്പ് പുരസ്‌കാരംനൽകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!