തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉൽപ്പന്നം വിറ്റു; വ്യാപാരിക്ക് 15000 രൂപ പിഴ

കൊച്ചി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉൽപ്പന്നം വിറ്റെന്ന പരാതിയിൽ വ്യാപാരി 15000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ. വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന സമയത്ത് 64 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടെന്ന് പരസ്യം നൽകി ഉപഭോക്താവിനെ കബളിച്ചെന്നാണ് പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ ഉത്തരവ്. എറണാകും മാലിപ്പുറം സ്വദേശി മനുവൽ വിൻസെന്റിന്റെ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ ഉത്തരവ്. 2023 ഫെബ്രുവരി മാസത്തിലാണ് മൈജി ഫ്യൂച്ചർ എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച പരസ്യത്തെ തുടർന്ന് 10 ലിറ്റർ ബിരിയാണി പോട്ട് 64ശതമാനം വിലക്കുറവിൽ 1,199 രൂപയ്ക്ക് മനുവൽ വാങ്ങിയത്. എന്നാൽ ലഭിച്ച ഇൻവോയിസ് പ്രകാരം യഥാർത്ഥ വില വെറും 1,890 രൂപയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പരാതിക്കാരൻ കമീഷനെ സമീപിച്ചത്. വിലക്കുറവുണ്ടെന്ന് കാണിച്ച് വ്യാജ പരസ്യം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം 2019-ന്റെ സെക്ഷൻ 2(28) പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വിരാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വിലയിരുത്തി. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ ഇനി പുറപ്പെടുവിക്കുന്നതിൽ നിന്നും സ്ഥാപനത്തെ കമ്മീഷൻ വിലക്കി. കൂടാതെ, എതിർ കക്ഷി ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കിയ 519 രൂപ തിരികെ നൽകാനും, നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിൽ 15,000 രൂപയും 45 ദിവസത്തിനകം സ്ഥാപനം നൽകണമെന്നും കമീഷൻ ഉത്തരവിട്ടു. അഡ്വ. ഡെന്നിസൺ കോമത്ത് പരാതിക്കാരനു വേണ്ടി ഹാജരായി.