ഇനി ആളുകള്‍ വാട്സ്ആപ്പ് മറക്കും; ഇന്റര്‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ചാറ്റിംഗ് ആപ്പ് വരുന്നു

Share our post

ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവര്‍ത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സ്വകാര്യവും വ്യത്യസ്തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്ചാറ്റ് എന്നു പേരുള്ള ഈ ആപ്പ് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവര്‍ത്തിക്കുന്നു.

എന്താണ് ബിറ്റ്ചാറ്റ്?

നിലവില്‍ ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിന്റെ ടെസ്റ്റ്ഫ്‌ലൈറ്റ് വഴി ബീറ്റയില്‍ ലഭ്യമാണ്. ബീറ്റാ വേര്‍ഷന്‍ ലോഞ്ച് ചെയ്ത ഉടന്‍ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കള്‍ പരീക്ഷിച്ചുതുടങ്ങി റിപ്പോര്‍ട്ടുകള്‍. ബ്ലൂടൂത്ത് ലോ എനര്‍ജി (BLE) മെഷ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. സമീപത്തുള്ള സ്മാര്‍ട്ട്ഫോണുകളെ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പരസ്പരം കൈമാറുന്ന ക്ലസ്റ്ററുകള്‍ രൂപപ്പെടുത്താന്‍ ബ്ലൂടൂത്ത് ലോ എനര്‍ജി (BLE) മെഷ് നെറ്റ്വര്‍ക്കുകള്‍ അനുവദിക്കുന്നു. വാട്സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കില്‍ സിഗ്‌നല്‍ പോലുള്ള നിലവിലുള്ള ചാറ്റിംഗ് ആപ്പുകളില്‍ നിന്ന് ഇത് തികച്ചും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ നമ്പര്‍, അക്കൗണ്ട് ഇല്ലാതെ പോലും ഈ ആപ്പ് പ്രവര്‍ത്തിക്കുന്നു.

ബിറ്റ്ചാറ്റ് പൂര്‍ണ്ണമായും ഒരു പിയര്‍-ടു-പിയര്‍ (P2P) ബ്ലൂടൂത്ത് അധിഷ്ഠിത സന്ദേശമയയ്ക്കല്‍ ആപ്പാണ്. ഇതിന് സെര്‍വറുകളോ ക്ലൗഡ് സ്റ്റോറേജോ സെന്‍സര്‍ഷിപ്പോ ഇല്ല എന്നതാണ് ഇതിന്റെ ഏറ്രവും വലിയ പ്രത്യേകത. ഇന്റര്‍നെറ്റ് കണക്ഷനോ നെറ്റ്വര്‍ക്ക് കവറേജോ ഇല്ലാതെ തന്നെ ഈ സാങ്കേതികവിദ്യ ഉപയോക്താക്കളെ നേരിട്ട് ബന്ധിപ്പിക്കുന്നു. iOS-ന്റെ ടെസ്റ്റ്ഫ്‌ലൈറ്റ് പ്രോഗ്രാം വഴി ഇത് നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. കൂടാതെ അതിന്റെ ഓപ്പണ്‍ സോഴ്സ് കോഡ് ഉടന്‍ ഗിറ്റ്ഹബ്ബില്‍ റിലീസ് ചെയ്യും.

ബിറ്റ്ചാറ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ബിറ്റ്ചാറ്റ് വൈ-ഫൈയോ മൊബൈല്‍ ഡാറ്റയോ ഉപയോഗിക്കുന്നില്ല. ഇത് ബ്ലൂടൂത്ത് മെഷ് നെറ്റ്വര്‍ക്കിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ സമീപത്തുള്ള ബിറ്റ്ചാറ്റ് ഉപയോക്താക്കള്‍ പരസ്പരം കണക്റ്റുചെയ്യുകയും സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുകയും ചെയ്യുന്നു. ബിറ്റ്ചാറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത ഒരാളുടെ അടുത്താണ് നിങ്ങള്‍ എങ്കില്‍, ആ ഉപകരണം വഴി നിങ്ങളുടെ സന്ദേശം അടുത്ത ഉപയോക്താവിലേക്ക് എത്താന്‍ കഴിയും. അതായത് പ്രകൃതി ദുരന്തങ്ങള്‍, ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ അല്ലെങ്കില്‍ സെന്‍സര്‍ഷിപ്പ് ഉള്ള പ്രദേശങ്ങളില്‍ പോലും വളരെ ഉപയോഗപ്രദമാകുന്ന തികച്ചും പുതിയൊരു സന്ദേശമയയ്ക്കല്‍ മാര്‍ഗമാണിത്.

സ്വകാര്യതയും സുരക്ഷയും

വാട്സ്ആപ്പ് പോലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനോടുകൂടിയ ബിറ്റ്ചാറ്റില്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന്റെ ഫോണില്‍ ലോക്കലായി സംഭരിക്കപ്പെടുന്നു. കൂടാതെ ഒരു സെര്‍വറിലേക്കും പോകുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ആപ്പ് ഉപയോഗിക്കുന്നതിന്, ഫോണ്‍ നമ്പറോ ഇമെയിലോ ലോഗിന്‍ ആവശ്യമില്ല എന്നതാണ്. അതായത്, ഉപയോക്താവിന്റെ ഐഡന്റിറ്റി പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നു. ഡിജിറ്റല്‍ ട്രാക്കിംഗ്, ഡാറ്റ മോഷണം എന്നിവയെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നവര്‍ക്ക് ഈ ആപ്പ് വലിയൊരു ആശ്വാസമാണ്.

വാട്സ്ആപ്പിന് ഒരു ഭീഷണിയാണോ ഈ ആപ്പ് ?

നിലവില്‍, ബിറ്റ്ചാറ്റിന്റെ പരിധി പരിമിതമാണ്. ഇത് iOS-ല്‍ ബീറ്റയില്‍ മാത്രമേ ലഭ്യമാകൂ. അതിനാല്‍ വാട്സ്ആപ്പിനോ ടെലിഗ്രാമിനോ നേരിട്ട് ഒരു ബദലായി മാറാന്‍ ഇതിന് കഴിഞ്ഞിട്ടില്ല. എങ്കിലും ജാക്ക് ഡോര്‍സിയുടെ ഈ സംരംഭം ഭാവിയിലെ മെസേജിംഗ് ആപ്പുകളില്‍ നിര്‍ണായക സ്ഥാനം വഹിക്കും. സെന്‍സര്‍ഷിപ്പ്, ഡാറ്റ സ്വകാര്യത, നെറ്റ്വര്‍ക്ക് ആശ്രിതത്വം എന്നിവയെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാകുമ്പോള്‍, ബിറ്റ്ചാറ്റ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്കുള്ള ആവശ്യം വര്‍ധിച്ചേക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!