കർഷകർക്ക് ഇരുട്ടടി: രാസവളം വില വർധിപ്പിച്ച് കേന്ദ്രസർക്കാർ

Share our post

ആലത്തൂര്‍: കാലാവസ്ഥാ വ്യതിയാനത്തില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാര്‍ രാസവളം വില വര്‍ധിപ്പിച്ചു. പൊട്ടാഷിന് ചാക്കിന് 250 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. 1,550ല്‍ നിന്ന് 1,800 രൂപയാക്കി. പൊട്ടാഷും നൈട്രജനും ഫോസ്ഫറസും ചേര്‍ന്ന കൂട്ടുവളങ്ങള്‍ക്കും വില കൂടി.18:09:18 എന്ന കൂട്ടുവളത്തിന് 1,210-ല്‍ നിന്ന് 1,300 ആയി. ഫാക്ടംഫോസിന് 1,400-ല്‍ നിന്ന് 1,425 ആയി. അടുത്തിടെയാണ് ഇതിന് 1,300-ല്‍ നിന്ന് 1,400 ആക്കിയത്. ഫാക്ടംഫോസിന് തുല്യമായ ഇഫ്കോ 20:20:0:13-ന് 1,300 ല്‍ നിന്ന് 1,350 ആയി. യൂറിയയുടെ വില 266.50 രൂപയില്‍ തുടരുകയാണെങ്കിലും ആവശ്യത്തിന് കിട്ടാനില്ല.

ഒരു ഹെക്ടര്‍ വയലിലെ നെല്ലിന് ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവ മൂന്ന് തവണയായി ഇടുന്നതിന് രണ്ടു വിളയ്ക്കുമായി വര്‍ഷം ഏക്കറിന് രണ്ടായിരം രൂപ അധികം ചെലവുവരും. ഒരു തെങ്ങിന് വര്‍ഷം മൂന്നു മുതല്‍ അഞ്ച് കിലോഗ്രാംവരെ രാസവളം വേണ്ടി വരും. ഒരേക്കറില്‍ 75 തെങ്ങിന് വളമിടാന്‍ 22,000 രൂപയാകും. വര്‍ഷം നാലായിരം രൂപ അധികം കണ്ടെത്തണം പച്ചക്കറികള്‍ക്ക് ഏക്കറിന് 600 ഗ്രാം വളം മൂന്നു നാലു തവണയായി നല്‍കണം. ഏക്കറിന് 45,000 രൂപയുടെ വളം വേണം. വര്‍ഷം അയ്യായിരം രൂപ അധികമാകും.

റബ്ബറിന് ഒരേക്കറില്‍ 180 മരങ്ങള്‍ക്ക് വര്‍ഷം രണ്ടു തവണയായി 650 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ വളം നല്‍കണം. 14,000 രൂപയുടെ വളം വേണം. ഏക്കറിന് 3,000 രൂപ അധികം ചെലവാകും.കേന്ദ്ര സര്‍ക്കാര്‍ രാസവളങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡിയില്‍ കുറവ് വരുത്തിയതോടെയാണ് വില കുതിച്ചുയരുന്നത്. 2023-24 വര്‍ഷത്തില്‍ 65,199 കോടി സബ്സിഡി നല്‍കിയത് 2024-25ല്‍ 52,310 കോടിയായും 2025-26ല്‍ 49,000 കോടിയായും വെട്ടിക്കുറച്ചു. 2017 മുതല്‍ വളം സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കാതെ രാസവളം കമ്പനികള്‍ക്കാണ് നല്‍കുന്നത്. ആധാര്‍മുഖേന കര്‍ഷകന് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നല്‍കുന്ന സംവിധാനം വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വളത്തിന്റെ പ്രധാന ഘടകമായ ഫോസ്ഫോറിക് ആസിഡിന് അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് മറ്റൊരു കാരണം. പൂര്‍ണമായി ഇറക്കുമതി ചെയ്യുകയാണിത്. ചൈന, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും വളം ഇറക്കുമതി. യുദ്ധ സാഹചര്യങ്ങളും വില വര്‍ധനവിന് കാരണമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!