തലയുയർത്തി ആറളം വന്യജീവി സങ്കേതം

പേരാവൂർ: ശലഭ സങ്കേതമായി കൂടി പ്രഖ്യാപിച്ചതോടെ തലയുയർത്തി ആറളം വന്യജീവി സങ്കേതം. മുഖ്യമന്ത്രി ചെയർമാനായുള്ള സംസ്ഥാന വന്യജീവി ബോർഡാണ് ആറളത്തെ ശലഭ സങ്കേതമായി പ്രഖ്യാപിച്ചത്. ആറളത്തിന്റെ ശലഭ വൈവിധ്യം സംരക്ഷിക്കുന്നതിനും ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും പുതിയ പ്രഖ്യാപനം ശക്തിപകരും.സംസ്ഥാനത്ത് കണ്ടെത്തിയ 327 തരം ചിത്രശലഭങ്ങളിൽ 266 എണ്ണവും ആറളത്ത് ഉണ്ടെന്നത് ഇവിടത്തെ ആവാസ വ്യവസ്ഥ പൂമ്പാറ്റകൾക്ക് എത്ര പ്രിയപ്പെട്ടതാണെന്നതിന്റെ നേർക്കാഴ്ചയാണ്. കേരളത്തിലെ സംരക്ഷിത വനമേഖലകളിൽ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ്.
വയനാട്, ബ്രഹ്മഗിരി, കൂർഗ് വനങ്ങൾ അതിരിടുന്ന 55 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ആറളം ജൈവ വൈവിധ്യത്തിൻറ കാര്യത്തിൽ അതി പ്രാധാന്യമേറിയതാണ്. സിംഹവാലൻ കുരങ്ങ്, കാട്ടി, ആന, കടുവകൾ അടക്കമുള്ള വന്യമൃഗങ്ങളും പാണ്ടൻ വേഴാമ്പലും മലമുഴക്കി വേഴാമ്പലും അടക്കമുള്ള പക്ഷി കളും രാജവെമ്പാലയടക്കം നൂറുകണക്കിന് ഇഴജന്തുക്കളും നിറഞ്ഞ ഈ വനത്തിൽ ആയിരത്തിലേറെ സസ്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ആറളം വന്യജീവിസങ്കേതത്തിൽ കാണുന്ന ചിലശലഭങ്ങൾ ഇവിടത്തെ സസ്യവൈവിധ്യത്തിന്റെ സൂചകമാണ്. മിക്ക ശലഭങ്ങളും ചില പ്രത്യേക സസ്യങ്ങളിൽ മാത്രം മുട്ടയിടുന്നവയും അവയുടെ പുഴുക്കൾ അവയുടെ മാത്രം ഇലകൾ കഴിച്ചുവളരുന്നവയും ആയ തിനാൽ ശലഭങ്ങളുടെ എണ്ണത്തിലെ വർധന ഇവിടത്തെ സസ്യസമൃദ്ധിയുടെ നേർക്കാഴ്ചയാണ്. ഡിസംബർ, ജനുവരി മാസങ്ങളിൽ കൂട്ടമായി വിരിഞ്ഞിറങ്ങുന്ന ഇവയുടെ യാത്രയുടെ ഉദ്ദേശ്യവും രഹസ്യവുമെല്ലാം കണ്ടുപിടിക്കുകയെന്നത് ഗവേഷകർക്ക് വെല്ലുവിളിയാണ്. മണിക്കൂറിൽ ലക്ഷത്തോളമാണ് ഇവ പറന്നകലുന്നത്.