പയ്യന്നൂരിൽ ആസ്‌പത്രിയിലെ നഴ്‌സുമാരുടെ മൊബൈൽ മോഷണം; പ്രതി പിടിയിൽ

Share our post

പയ്യന്നൂർ: പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ  വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. കുഞ്ഞിമംഗലം സ്വദേശി കെ.പി സലീമിനെ (38) യാണ് എസ്ഐ പി. യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം ഒളിവിൽ കഴിയുന്നതിനിടെ ഇയാളെ ബാംഗ്ലൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്. പ്രതി കണ്ണൂർ ടൗണിലെ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും സമാനമായ രീതിയിൽ മൊബൈൽ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മംഗലാപുരത്ത് താമസിച്ച് മോഷണം നടത്തി മുങ്ങുകയാണ് പതിവ്. ഇക്കഴിഞ്ഞ മെയ് നാലിന് ഉച്ചക്ക് 1.30  മണിക്കും 2 മണിക്കും ഇടയിലാണ്
പയ്യന്നൂർ മൂരി കൊവ്വലിൽ പ്രവർത്തിക്കുന്ന അനാമയ ആശുപത്രിയിലെ നഴ്സുമാരായ പരിയാരം കുറ്റ്യേരിയിലെ സന്ധ്യാവിനോദ്, ചെറുപുഴയിലെ സാന്ദ്ര, നിധി ജോസഫ് എന്നിവരുടെ ഫോണുകൾ മോഷണം പോയത്. ഡ്യൂട്ടിക്കിടെ ആശുപത്രിയുടെ റിസപ്ഷനിൽ സൂക്ഷിച്ച 54,000 രൂപ വിലവരുന്ന മൂന്നു ഫോണുകളാണ് പ്രതി കവർന്നത്. ആശുപത്രി കൗണ്ടറിന് സമീപത്ത് ഒരാൾ കുറേ സമയം ചുറ്റി തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും മോഷണത്തിനാണെന്ന് ജീവനക്കാർ കരുതിയില്ല. ജീവനക്കാർ കൗണ്ടറിൽ നിന്നു മാറിയ തക്കത്തിൽ മൂന്ന് മൊബൈൽ ഫോണുകളുമായി മോഷ്ടാവ് കടന്നു കളഞ്ഞു. മോഷ്ടാവിൻ്റെ ദൃശ്യം ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. ഫോൺ ചെയ്തു കൊണ്ടു നടന്നുവന്ന് ഫോൺ മോഷ്ടിച്ചു കടന്നു കളയുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!